കോവളം
ഹോം ഓട്ടമേഷനിലെ ഐഒടി സാധ്യതകളും ത്രീഡി അനിമേഷൻ നിർമാണ സാധ്യതകളും പരിചയപ്പെടുത്തിക്കൊണ്ട് ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പ് സമാപിച്ചു. വിപിഎസ് മലങ്കര എച്ച്എസ്എസ് വെങ്ങാനൂരിൽ നടന്ന ക്യാമ്പിൽ 110 കുട്ടികൾ പങ്കെടുത്തു.
വീടുകളിലെ സുരക്ഷാ സംവിധാനം ഐഒടി സാധ്യതകളിലൂടെ സാധ്യമാക്കുന്നതിന്റെ പ്രോട്ടോ ടൈപ്പുകളാണ് പ്രോഗ്രാമിങ് വിഭാഗത്തിലെ കുട്ടികൾ പൂർത്തീകരിച്ച പ്രോജക്ട്. വീടുകളിലെ- ഇലക്ട്രിക്–-ഇലക്ട്രോണിക് ഉപകരണങ്ങള്‍ നിയന്ത്രിക്കാനും പാചകവാതക ചോർച്ച, തീപിടിത്തം തുടങ്ങിയവ കണ്ടെത്തി നിയന്ത്രിക്കാനും കഴിയുന്ന മൊബൈൽ ആപ്പുകള്‍ എല്ലാ ക്യാമ്പംഗങ്ങളും തയ്യാറാക്കി. സ്വതന്ത്ര സോഫ്റ്റ്വെയര് ആയ ബ്ലെൻഡർ സോഫ്റ്റ്വെയർ പ്രയോജനപ്പെടുത്തിയുള്ള ത്രീഡി അനിമേഷൻ നിർമാണമായിരുന്നു ക്യാമ്പിൽ അനിമേഷൻ വിഭാഗത്തിലെ കുട്ടികളുടെ പ്രവർത്തനം. ത്രീഡി അനിമേഷന്റെ വിവിധ ഘട്ടങ്ങളായ മോഡലിങ്, ടെക്സചറിങ് സ്കൾപ് റിങ്, റിഗ്ഗിങ് തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകിയതിനുശേഷം കുട്ടികൾ സ്വന്തമായി അനിമേഷൻ സിനിമ തയ്യാറാക്കി അവതരിപ്പിച്ചു. ക്യാമ്പിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച 10 കുട്ടികള്‍ സംസ്ഥാന ക്യാമ്പില്‍ പങ്കെടുക്കും. ക്യാമ്പിന്റെ സമാപനത്തോടനുബന്ധിച്ച് കൈറ്റ് സിഇഒ കെ അൻവർസാദത്ത് ഓൺലൈനായി ക്യാമ്പംഗങ്ങളുമായി ആശയവിനിമയം നടത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..