തിരുവനന്തപുരം
ആർപ്പോ വിളികളും ആരവങ്ങളുമില്ലാതെയാണ് ഞായറാഴ്ച മലയാളം പള്ളിക്കൂടം ക്ലാസുകൾ ആരംഭിച്ചത്. മലയാളത്തിന്റെ പെരുന്തച്ചനെന്ന് എഴുതിയ ബ്ലാക്ക് ബോർഡിന് താഴെ എംടിയുടെയും ഭാഷാ പ്രതിജ്ഞയുടെയും മുമ്പിൽ ഡോ. ജോർജ് ഓണക്കൂറും നൂറോളം കുട്ടികളും രക്ഷിതാക്കളും ആദരാഞ്ജലി അർപ്പിച്ചു. ശേഷം കല്ല് സ്ലേറ്റിലെഴുതിയ എംടി നോവലുകളുടെ പേരും പള്ളിക്കൂടത്തിനെഴുതി തന്ന ഭാഷാ പ്രതിജ്ഞയും ഉയർത്തിപ്പിടിച്ച് കുട്ടികൾ " മലയാളമാണ് എന്റെ ഭാഷ. എന്റെ ഭാഷ എന്റെ വീടാണ്....'എന്നുറക്കെ ചൊല്ലി. 2015-ൽ പള്ളിക്കൂടത്തിൽ വന്ന് എംടി എഴുതിയ ഈ പ്രതിജ്ഞ 2018 ൽ സർക്കാർ ഔദ്യോഗിക ഭാഷാ പ്രതിജ്ഞയായി പ്രഖ്യാപിക്കുകയായിരുന്നു.
എംടിയുടെ കാലം, രണ്ടാമൂഴം എന്നിവയിലെ ഏതാനും ഭാഗങ്ങൾ കുട്ടികളായ വന്ദന കൃഷ്ണ, വരദ എന്നിവർ വായിച്ചു. 2015-ൽ എംടി പള്ളിക്കൂടത്തിൽ വന്ന ക്യാമ്പിൽ പങ്കെടുത്ത പി ആർ അദ്വൈത് അന്നത്തെ അനുഭവം പങ്കുവച്ചു. മലയാളം പള്ളിക്കൂടം സെകട്ടറി ഡോ. ജെസി നാരായണൻ അധ്യാപകരായ വട്ടപ്പറമ്പിൽ പീതാംബരൻ, അർച്ചന പരമേശ്വരൻ എന്നിവരും സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..