01 July Tuesday

മിന്നിത്തെളിയുന്ന വൈവിധ്യ കാഴ്ചയില്‍ കനകക്കുന്ന്

സ്വന്തം ലേഖികUpdated: Friday Dec 27, 2024

മന്ത്രി പി എ മുഹമ്മ​ദ് റിയാസ് വസന്തോത്സവം ഉദ്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം
മഞ്ഞുമനുഷ്യനും പോളാർ ബീയറും സിൻഡ്രല്ലയും തുടങ്ങി വൈവിധ്യങ്ങളുടെ ദീപകാഴ്ചയിലൊരുങ്ങി കനകക്കുന്ന്. ദീപാലങ്കാരങ്ങളും പൂക്കളും നിറഞ്ഞ വസന്തോത്സവത്തിന്റെ ഉദ്ഘാടനം മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു. കൊട്ടാരവളപ്പിനെ അലങ്കരിക്കുന്ന തരത്തിലാണ് പുഷ്പമേള ഒരുക്കിയിട്ടുള്ളത്. പൂച്ചെടികളുടെ ഉദ്യാനം, ബോൺസായിയുടെ അപൂർവ ശേഖരം, കട്ട് ഫ്ളവർ ഡിസ്‌പ്ലേ, വിവിധ ഇനം ചെടികളുടെ അപൂർവ ശേഖരങ്ങളുമായി സർക്കാർ സ്ഥാപനങ്ങളുടെയും നഴ്സറികളുടെയും സ്റ്റാളുകൾ എന്നിവ വസന്തോത്സവത്തിലുണ്ട്. ഫ്ളോറിസ്റ്റുകൾക്കായി മത്സരങ്ങളും നടക്കും. ഔഷധസസ്യ പ്രദർശനം, ബയോ ഡൈവേഴ്സിറ്റി എക്സിബിഷൻ, ഭക്ഷ്യമേള, അമ്യൂസ്മെന്റ് പാർക്ക്, വ്യാപാരമേള, വിവിധ കലാപരിപാടികൾ എന്നിവയാണ് വസന്തോത്സവത്തിന്റെ മറ്റ് ആകർഷണങ്ങൾ. ടൂറിസം വകുപ്പ് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലുമായി ചേർന്നാണ് ആഘോഷം സംഘടിപ്പിക്കുന്നത്. ട്രേഡ് ഫെയർ, ഫുഡ് കോർട്ട്, വിവിധ കലാപരിപാടികൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.
ജനുവരി മൂന്നുവരെ നീണ്ടുനിൽക്കുന്ന ഇലുമിനേറ്റിങ് ജോയ്, സ്‌പ്രെഡിങ്‌ ഹാർമണി എന്ന പേരിലെ ലൈറ്റ് ഷോയും പുഷ്പോത്സവവും ഉത്സവ ചാരുത പകരുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ജനങ്ങൾക്ക് ഒത്തുചേർന്ന് സന്തോഷം പങ്കിടാനും ഒരുമയുടെ സന്ദേശം കൈമാറാനും ആഘോഷ പരിപാടികൾ അവസരമൊരുക്കും. ടൂറിസം സീസൺ ആയതിനാൽ നഗരത്തിൽ ആളുകൾ ഒത്തുചേരുന്ന സുപ്രധാന സ്ഥലങ്ങളിലേക്ക് കൂടുതൽ ആഭ്യന്തര, വിദേശ സഞ്ചാരികളെ ആകർഷിക്കാൻ ഇത് വഴിയൊരുക്കും. ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ കേരളം റെക്കോഡ് സൃഷ്ടിച്ച വർഷമാണ് 2024 എന്നും മന്ത്രി പറഞ്ഞു. വി കെ പ്രശാന്ത് എംഎൽഎ അധ്യക്ഷനായി. മന്ത്രി ജി ആർ അനിൽ മുഖ്യാതിഥിയായി. മേയർ ആര്യ രാജേന്ദ്രൻ, എ എ റഹിം എംപി, ഐ ബി സതീഷ് എംഎൽഎ, കൗൺസിലർ കെ എസ് റീന, ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ, ടൂറിസം അഡീഷണൽ ഡയറക്ടർ പി വിഷ്ണുരാജ്, ഡിടിപിസി സെക്രട്ടറി സതീഷ് മിറാൻഡ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top