06 July Sunday

പത്തനംതിട്ട–-പുനലൂർ വഴിയാക്കുക

വെബ് ഡെസ്‌ക്‌Updated: Monday Dec 30, 2024

 സീതാറാം യെച്ചൂരി നഗർ

അങ്കമാലി മുതൽ എരുമേലി വരെ 111 കിലോമീറ്റർ നീളുന്ന ശബരി റെയിൽവേ ലൈൻ പത്തനംതിട്ട–പുനലൂർ വഴിയാക്കണമെന്ന് സിപിഐ എം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ശബരിമല തീർഥാടകർക്ക് സൗകര്യം ഒരുക്കുന്നതോടൊപ്പം നാടിന്റെ വികസനത്തിന് ഏറ്റവും സഹായകമായ പദ്ധതിയാണിത്. എന്നാൽ ഈ പദ്ധതി പത്തനംതിട്ട, പുനലൂർ വഴി തിരുവനന്തപുരം വരെ നീട്ടണമെന്ന് നിർദേശം ഉയർന്നിട്ടുണ്ട്. എറണാകുളം, കോട്ടയം വഴി നിലവിലുള്ള റെയിൽപാതയ്ക്ക് സമാന്തരമായി പത്തനംതിട്ടയിലൂടെ കടന്നുപോകുന്ന ഒരു പാത സ്ഥാപിക്കുന്നത് മലയോര മേഖലയുടെ വികസനത്തിന് ഏറ്റവും സഹായകരമാണ്. ചെങ്കോട്ട വഴി തമിഴ്നാടുമായി ബന്ധപ്പെടാനുള്ള സൗകര്യവും ഉണ്ടാകും. 
അങ്കമാലി–-എരുമേലി ശബരി റെയിൽപ്പാതയുമായി ബന്ധപ്പെട്ട് 2016ൽ കേരള സർക്കാരും ഇന്ത്യൻ റെയിൽവേയും തമ്മിൽ ധാരണാപത്രം ഒപ്പിടുകയുണ്ടായി. കൂടാതെ കേന്ദ്രസർക്കാരിന്റെ പ്രഗതി പദ്ധതിയിൽ ഉൾപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാർ ഈ പദ്ധതിയുടെ ചെലവിന്റെ പകുതിഭാഗം വഹിക്കാൻ തയ്യാറാണെന്ന് അറിയിച്ചതുമാണ്. എന്നാൽ ധാരണാപത്രം ഒപ്പിട്ട ശേഷം പദ്ധതി നടത്തിപ്പിന് മതിയായ ഫണ്ട് അനുവദിക്കാനോ നിർമാണം ആരംഭിക്കാനോ കേന്ദ്രസർക്കാർ തയ്യാറായിട്ടില്ല.
ഈ സാഹചര്യത്തിൽ ശബരിമല തീർഥാടകരുടെ സൗകര്യവും മലയോര മേഖലയുടെ വികസനവും കണക്കിലെടുത്ത് ശബരി റെയിൽപ്പാത റാന്നി, പത്തനംതിട്ട, പുനലൂർ വഴി സ്ഥാപിക്കണമെന്ന് സിപിഐ എം ആവശ്യപ്പെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top