06 July Sunday

ആശ്വാസമായി മന്ത്രിമാർ

വെബ് ഡെസ്‌ക്‌Updated: Wednesday Dec 18, 2024

"കരുതലും കൈത്താങ്ങും' കോന്നി താലൂക്ക്‌ അദാലത്ത് പ്രമാടം രാജീവ്‌ ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ 
വ്യവസായ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യുന്നു

 കോന്നി

ഒരാഴ്ചയിലേറെയായി മന്ത്രിമാരുടെ നേതൃത്വത്തിൽ ജില്ലയിൽ നടന്ന "കരുതലും കൈത്താങ്ങും' താലൂക്ക് അദാലത്ത്‌ കോന്നിയിൽ സമാപിച്ചു. പ്രമാടം രാജീവ്‌ ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ വ്യവസായ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. ഉദ്യോഗസ്ഥ സംവിധാനത്തിലെ വേഗതക്കുറവാണ് അദാലത്തുകളിലേക്ക് നയിക്കുന്നതെന്ന് തിരിച്ചറിയണമെന്ന്‌ പി രാജീവ്‌ പറഞ്ഞു. പരാതികളുടെ വേഗത്തിലുള്ള തീർപ്പാക്കൽ ഇവിടെ സംഭവിക്കുന്നുവെന്നത് പ്രധാനവുമാണ്. ഇല്ലാത്ത പ്രശ്‌നങ്ങളുടെ പേരിൽ ജനങ്ങളുടെ അവകാശങ്ങൾ ഉദ്യോഗസ്ഥർ നീട്ടിക്കൊണ്ടുപോകരുത്. തടസ്സങ്ങൾ സൃഷ്ടിക്കാൻ ഗവേഷണം നടത്തുന്ന ഉദ്യോഗസ്ഥരീതി ഭൂഷണമല്ല. ഫയലുകൾ തീർപ്പാക്കാൻ കാലതാമസവും പാടില്ല. നിയമങ്ങൾ മനുഷ്യർക്ക് ഗുണകരമാകുന്ന രീതിയിലാണ് വ്യാഖ്യാനിക്കേണ്ടത്. ചട്ടങ്ങളിൽ മാറ്റം വരുത്തേണ്ടവ പരിഗണിക്കും. നീതി നിർവഹണത്തിലെ വേഗതയാണ് സേവനത്തിലെ ഗുണമേന്മയുടെ അളവുകോലെന്നും പി രാജീവ്‌ പറഞ്ഞു.
ആരോഗ്യമന്ത്രി വീണാ ജോർജ് അധ്യക്ഷയായി. അദാലത്തിന്റെ ഫലപ്രാപ്തിയിൽ ചാരിതാർഥ്യമുണ്ടെന്ന്‌ വീണാ ജോർജ്‌ പറഞ്ഞു. ചുവപ്പ്‌നാടയുടെ കുരുക്കുകൾ അഴിച്ചുള്ള നീതിനിർവഹണം പരാതികളിലുണ്ടായി. സർക്കാരിന്റെ ഏറ്റവും വലിയ ജനകീയ ഇടപെടലായും മാറി. ഉദ്യോഗസ്ഥ തലത്തിൽ നടത്തിയ പ്രവർത്തനം നീതി വേഗത്തിലാക്കിയെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ മന്ത്രിമാർ മുൻഗണനാ റേഷൻ കാർഡുകൾ വിതരണം ചെയ്തു. അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ, കലക്ടർ എസ് പ്രേം കൃഷ്ണൻ, പ്രമാടം പഞ്ചായത്ത് പ്രസിഡന്റ് എൻ നവനിത്ത്‌, എഡിഎം ബി ജ്യോതി എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top