നന്ദന രാജ്
പാലക്കാട്
കുറ്റകൃത്യങ്ങളിൽ പൊലീസ് നടപടി കർശനമാക്കിയതോടെ ജില്ലയിൽ കുട്ടികൾക്കും സ്‌ത്രീകൾക്കും നേരെയുള്ള അതിക്രമം കുറഞ്ഞു. ജനങ്ങളിൽ നിയമസാക്ഷരത ഉയർന്നതും കുറ്റകൃത്യം കുറയാൻ കാരണമായി. കേരള പൊലീസിന്റെ ഒക്‌ടോബർവരെയുള്ള കണക്കനുസരിച്ച് സ്‌ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമത്തിന് ഈവർഷം രജിസ്റ്റർചെയ്‌തത് 768 കേസുകൾ. സ്‌ത്രീകൾക്കുനേരെയുള്ള അതിക്രമങ്ങളിൽ കഴിഞ്ഞവർഷം 1035 കേസുകൾ രജിസ്റ്റർ ചെയ്‌തത് ഈ വർഷം 554 ആയി കുറഞ്ഞു. കുട്ടികൾക്കുനേരെയുള്ള അതിക്രമങ്ങളിൽ 414 കേസുകളായിരുന്നു 2023ൽ ഉണ്ടായിരുന്നത്. അത് 214 ആയി.
സ്ത്രീധനമരണങ്ങളിൽ കഴിഞ്ഞ മൂന്നുവർഷത്തിനിടയിൽ ഒരു കേസുപോലും ജില്ലയിൽ രജിസ്‌റ്റർ ചെയ്‌തിട്ടില്ല. ഭർത്താവിൽനിന്നോ ബന്ധുക്കളിൽനിന്നോ ഉള്ള ക്രൂരതയിൽ കഴിഞ്ഞവർഷം 348 കേസുകൾ രജിസ്‌റ്റർ ചെയ്‌തു. അത് ഈ വർഷം 178 ആയി കുറഞ്ഞു. ബലാത്സംഗം–-109, പീഡനം–- 194 , ശല്യപ്പെടുത്തൽ–-10, തട്ടിക്കൊണ്ടുപോകൽ–- എട്ട് എന്നിങ്ങനെയും കേസുകളെടുത്തു. മറ്റു കുറ്റകൃത്യങ്ങളിൽ 55 കേസുകളാണ് രജിസ്റ്റർ ചെയ്‌തത്.
ശൈശവ വിവാഹം, ഭ്രൂണഹത്യ, പെൺകുട്ടികളെ വേശ്യാവൃത്തിക്ക് വിൽക്കുന്നത്, ആത്മഹത്യാ പ്രേരണ എന്നീ വകുപ്പുകളിൽ രണ്ടുവർഷമായി കേസുകൾ രജിസ്‌റ്റർ ചെയ്‌തിട്ടില്ല. ഈ വർഷം ആഗസ്‌തുവരെ 189 പോക്‌സോ കേസുകളും രജിസ്‌റ്റർ ചെയ്‌തു. നിയമസാക്ഷരത വ്യാപിപ്പിക്കാൻ പൊലീസ്, കുടുംബശ്രീ നേതൃത്വത്തിലുള്ള ഇടപെടലും ഫലംകണ്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..