പാലക്കാട്
ബിഎസ്‌എൻഎൽ മൊബൈൽ നെറ്റ്‌വർക്ക് തടസപ്പെടുന്നത് സ്വകാര്യ കമ്പനികളുടെ സമ്മർദംമൂലമാണെന്ന് ജീവനക്കാരുടെ സംഘടനകൾ. സ്വകാര്യ കമ്പനികൾ താരിഫ് വർധിപ്പിച്ചശേഷം വരിക്കാർ കൂട്ടത്തോടെ ബിഎസ്‌എൻഎല്ലിലേക്ക് മാറി. അതിനാൽ നെറ്റ്‌വർക്ക് ബോധപൂർവം തകരാറിലാക്കുന്നുവെന്നാണ് ആക്ഷേപം. 3 ജിയിൽനിന്ന് 4 ജിയിലേക്കുള്ള മാറ്റത്തെതുടർന്നാണ് നെറ്റ്‌വർക്കിൽ സാങ്കേതിക പ്രശ്‌നങ്ങൾ ഉണ്ടാകുന്നതെന്നാണ് വിശദീകരണമെങ്കിലും സ്വകാര്യ മൊബൈൽ കമ്പനികളുടെ സമ്മർദമാണ് പിന്നിലെന്നാണ് സൂചന. സ്വകാര്യ കമ്പനികൾ താരിഫ് 11 മുതൽ 25 ശതമാനംവരെ ഉയർത്തിയതോടെ അവരുടെ അഞ്ചുലക്ഷത്തോളം വരിക്കാർ ബിഎസ്‌എൻഎല്ലിലേക്ക് മാറി. ഒക്‌ടോബർ മാസത്തിലാണ് ജിയോ, വോഡഫോൺ ഐഡിയ കമ്പനികളിൽനിന്ന് 57.37 ലക്ഷം വരിക്കാർ മാറിയത്. 2025 മാർച്ച് 31വരെ തടസം നേരിടേണ്ടിവരുമെന്നാണ് ബിഎസ്‌എൻഎൽ അധികൃതർ നൽകുന്ന വിശദീകരണമെങ്കിലും അതിന്റെ പേരിൽ ഉപഭോക്താക്കളെ വീണ്ടും സ്വകാര്യ കമ്പനികളിലേക്ക് മാറ്റുകയാണ് ലക്ഷ്യമെന്ന് ചൂണ്ടിക്കാട്ടുന്നു.
സ്വകാര്യ കമ്പനികൾ ഡാറ്റ ഉൾപ്പെടെയുള്ള സേവനങ്ങളാണ് താരിഫിൽ ഉൾപ്പെടുത്തുന്നത്. ഡാറ്റ ആവശ്യമില്ലെങ്കിലും അതിനുള്ള പണം നൽകണം. എന്നാൽ ബിഎസ്‌എൻഎൽ ഡാറ്റ–- കോൾ എന്നിവയ്‌ക്ക് പ്രത്യേകം പ്ലാൻ ആയതിനാൽ ആവശ്യമുള്ളതിന് മാത്രം പണം നൽകിയാൽ മതിയാകും. ഈ ആനുകൂല്യമുള്ളതിനാലും കഴിഞ്ഞ അഞ്ചുവർഷമായി താരിഫ് ഉയർത്താത്തതും വരിക്കാരെ ബിഎസ്‌എൻഎല്ലിലേക്ക് മാറാൻ പ്രേരിപ്പിക്കുന്നു.
ഒരു ലക്ഷം ടവറുകളിൽ 65,000 എണ്ണത്തിൽ 4 ജി സേവനം ബിഎസ്‌എൻഎൽ ഇൻസ്‌റ്റാൾ ചെയ്‌തുകഴിഞ്ഞു. ടിസിഎസ്, തേജസ് എന്നീ മൾട്ടി നാഷണൽ കമ്പനികളുടെ കൺസോർഷ്യമാണ് ഇതിന്റെ കരാർ ഏറ്റെടുത്തത്. ഇനി 5 ജിയിലേക്ക് മാറാനുള്ള കൺവർഷൻ സ്വിച്ച് വാങ്ങുന്നതിന് അന്തർദേശീയ കമ്പനികളുമായി ബിഎസ്‌എൻഎൽ ടെൻഡർ ഉറപ്പിച്ചു. എന്നാൽ കേന്ദ്ര സർക്കാർ അത് റദ്ദാക്കി.
ഇന്ത്യയിൽ തദ്ദേശീയമായി വികസിപ്പിച്ച ഉപകരണം ഉപയോഗിച്ചാൽ മതിയെന്നാണ് നിർദേശിച്ചിരിക്കുന്നത്. സ്വകാര്യ കമ്പനികൾ 5 ജി സേവനം നൽകുന്നത് വിദേശ കമ്പനികളുടെ സ്വിച്ച് ഉപയോഗിച്ചാണ്. ഇനി രണ്ടാമത് വിആർഎസ്‌കൂടി നടപ്പാക്കുന്നതോടെ ബിഎസ്എൻഎൽ കൂടുതൽ പ്രതിസന്ധിയിലാകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..