കഞ്ചിക്കോട്
‘അവനെ കൊന്നവന് ഇതുപോരാ...’ മകന്റെ ഓർമകളിൽ ജീവിക്കുന്ന ചെല്ല വിതുമ്പലോടെ പറഞ്ഞു. 34 വർഷത്തിനുശേഷം ശിവനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി കഞ്ചിക്കോട് വടുകത്തറ ബാബുരാജിന് ആറുവർഷം കഠിനതടവ് ശിക്ഷിച്ചത് ചെല്ല അറിയുന്നത് വ്യാഴാഴ്ച രാവിലെ ദേശാഭിമാനിയിലൂടെയാണ്. 1990 ഒക്ടോബർ എട്ടിനാണ് സജീവ ഡിവൈഎഫ്‌ഐ -–-സിപിഐ എം പ്രവർത്തകനായ ശിവനെ കഞ്ചിക്കോട് ആശുപത്രി ജങ്‌ഷന് സമീപം പതുങ്ങിയിരുന്ന ആർഎസ്‌എസ് പ്രവർത്തകരായ ബാബുരാജും ആണ്ടവനും ചേർന്ന് വെട്ടിയത്. കൂടെയുണ്ടായിരുന്ന മോഹനനും വെട്ടേറ്റു.
ഫാബ്രിക്കേഷൻ തൊഴിലാളിയായ ശിവൻ, ഡിവൈഎഫ്‌ഐ കഞ്ചിക്കോട്ട് നടത്തിയ ധർണയിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ചികിത്സയിലിരിക്കെ ഒക്ടോബർ 12ന് ശിവൻ രക്തസാക്ഷിത്വം വരിച്ചു.
തന്റെ മൂത്തമകന്റെ ചേതനയറ്റ ശരീരം വീട്ടിലെത്തിച്ചത് ഇന്നും കൺമുന്നിലുണ്ടെന്ന് കണ്ണീരോടെ ചെല്ല ഓർത്തെടുക്കുന്നു. 24–-വയസ്സിൽ ശിവൻ കൊല്ലപ്പെട്ടതിനുശേഷം രണ്ടുമാസം തന്റെ മാനസികനിലതന്നെ തെറ്റിയെന്നും മരുന്നിലൂടെയാണ് ശരിയാക്കിയതെന്നും അവർ പറഞ്ഞു.
നാട്ടിലെ എല്ലാവർക്കും പ്രിയപ്പെട്ടവനായിരുന്നു ശിവൻ. രാഷ്ട്രീയ ഭേദമന്യേ ഏതൊരാൾക്കും സഹായം ചെയ്യുന്നവൻ. 84–-ാം വയസ്സിലും മകന്റെ ഓർമകളിൽ ജീവിക്കുകയാണ് അവർ.
വീട്ടിൽ വെറുതെയിരുന്നാൽ പല ഓർമകളും അലട്ടും എന്നതിനാൽ വർഷങ്ങളായി ആടുമേയ്ക്കാനും അവയെ പരിപാലിക്കാനും സമയം കണ്ടെത്തുകയാണ് ചെല്ല. മകൻ രവി, ഭാര്യ അനിത എന്നിവരുടെകൂടെ ശിവൻ അന്ത്യവിശ്രമം കൊള്ളുന്ന ചെമ്മണാംകാട് തേക്കിൻകാട്ടിലെ വീട്ടിലാണ് നിലവിൽ താമസിക്കുന്നത്.
2017ൽ ശിവന്റെ സഹോദരൻ മനോജിന്റെ നിർത്തിയിട്ട ടിപ്പർ, കാർ എന്നിവ ആർഎസ്‌എസ്–- ബിജെപി പ്രവർത്തകർ കത്തിച്ചിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..