01 July Tuesday
കാലാവസ്ഥാ വ്യതിയാനം

പ്രതീക്ഷ വറ്റി 
നെല്‍കര്‍ഷകര്‍

പി രാമകൃഷ്ണൻUpdated: Tuesday Dec 31, 2024
എടവണ്ണ
കാലാവസ്ഥാ വ്യതിയാനത്തിൽ കരിഞ്ഞുണങ്ങുന്നത് നെൽ‌കർഷകരുടെ പ്രതീക്ഷകളും. രാസവളം ഉപയോഗിക്കാതെ കൃഷിചെയ്യുന്ന കർഷകരെയാണ് കാലാവസ്ഥാ വ്യതിയാനം സാരമായി ബാധിച്ചത്. കീടങ്ങളെ അകറ്റാനുള്ള പരമ്പരാ​ഗതരീതികൾ കാലംതെറ്റി പെയ്യുന്ന മഴയിൽ ഏൽക്കാതെയായി. ഇതോടെ വൻ സാമ്പത്തിക നഷ്ടത്തിലാണ് കർഷകർ. പലരും കൃഷി ഉപേക്ഷിച്ചുപോയി. 
എടവണ്ണ പഞ്ചായത്തിൽ ഈ വർഷം 61 ഏക്കറിലാണ് നെൽകൃഷി ഇറക്കിയത്. നൂറേക്കർവരെ കൃഷിയിറക്കാൻ പാടങ്ങളുണ്ടെങ്കിലും നഷ്ടം സംഭവിക്കുമെന്ന ഭയത്താൽ കർഷകരും പിന്നോട്ടടിക്കുന്നു.
ആദ്യകാലത്ത് ചേറ്റാടി, എണ്ണപ്പട്ട, ചെറുവെള്ളരി തുടങ്ങിയ നാടൻ നെൽവിത്തിനങ്ങളായിരുന്നു കൃഷിചെയ്തിരുന്നത്. ഉൽപ്പാദനക്ഷമത കുറവെങ്കിലും ഇവയ്ക്ക് രോഗപ്രതിരോധശേഷി കൂടുതലായിരുന്നു. നന്നായി വൈക്കോൽ ലഭിക്കുന്നതും കർഷകർക്ക് ​ഗുണകരമായി. എന്നാൽ, കാലാവസ്ഥാ വ്യതിയാനം പരമ്പരാ​ഗത കൃഷിരീതിയുടെ താളംതെറ്റിച്ചു. കാലം തെറ്റിപ്പെയ്യുന്ന മഴയിൽ ചാഴികളെ (നെൽകതിരിന്റെ പാൽ ഊറ്റിക്കുടിക്കുന്ന പ്രാണി) തുരത്തുന്നത് ദുഷ്കരമാണ്. പാടത്ത് വെള്ളം കെട്ടിനിൽക്കുന്നതിനാൽ നെല്ലോലകളും ചെളിയിലമരുന്നു. ഇതോടെ വൈക്കോലും ഉപയോഗശൂന്യമായി.കൃഷിപ്പണിക്ക് തൊഴിലാളികളെ കിട്ടാത്തതും പ്രതിസന്ധിയാണ്. ഇതര സംസ്ഥാന തൊഴിലാളികളെയാണ് പല കർഷകരും ആശ്രയിക്കുന്നത്. 
തൊഴിലുറപ്പ് തൊഴിലാളികളെ നെൽകൃഷിയിലേക്ക് ഉപയോ​ഗപ്പെടുത്തണമെന്ന ആവശ്യം കേന്ദ്ര സർക്കാർ പരിഗണിച്ചിട്ടുമില്ല. നെൽ കർഷകർക്ക് നൽകുന്ന സബ്സിഡികൾ വർധിപ്പിക്കണമെന്ന ആവശ്യവും ശക്തമാണ്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top