04 July Friday
സിപിഐ എം ജില്ലാ സമ്മേളനം

താനൂരിൽ ഒരുക്കങ്ങൾ 
പൂർത്തിയായി

സ്വന്തം ലേഖകൻUpdated: Monday Dec 30, 2024

‘സ്ത്രീ കുടുംബം സമൂഹം’ വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഡോ. കെ ടി ഷംഷാദ് ഹുസൈൻ 
ഉദ്ഘാടനംചെയ്യുന്നു

തിരൂർ
സിപിഐ എം 24–-ാം പാർടി കോൺഗ്രസിന്‌ മുന്നോടിയായുള്ള ജില്ലാ സമ്മേളനത്തിന് താനൂരിൽ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിലാണ്‌ സമ്മേളനം. സമ്മേളനത്തിന്‌ ചൊവ്വാഴ്‌ച വൈകിട്ട് 
ആറിന്‌ പൊതുസമ്മേളന നഗരിയായ താനൂർ സീതാറാം യെച്ചൂരി നഗറിൽ (ചീരാൻ കടപ്പുറം) സ്വാഗതസംഘം ചെയർമാൻ മന്ത്രി വി അബ്ദുറഹ്മാൻ പതാക ഉയർത്തും. പൊതുസമ്മേളന നഗരിയിൽ ഉയർത്താനുള്ള പതാകയും കൊടിമരവും സമ്മേളന നഗരിയിൽ സ്ഥാപിക്കാനുള്ള ദീപശിഖയും അത്‌ലറ്റുകളുടെയും ഇരുചക്ര വാഹനങ്ങളുടെയും അകമ്പടിയോടെ സമ്മേളന നഗരിയിലെത്തും. തുടർന്ന് മൂന്ന്‌ ജാഥകളും പൊതുസമ്മേളന നഗരിയിൽ സംഗമിക്കും. 
ബുധൻ രാവിലെ 10ന്‌ കോടിയേരി ബാലകൃഷ്ണ‌ൻ നഗറിൽ (മൂച്ചിക്കൽ ക്രൗൺ ഓഡിറ്റോറിയം)  പ്രതിനിധി സമ്മേളനം പൊളിറ്റ്‌ ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്‌ഘാടനംചെയ്യും. വെള്ളി വൈകിട്ട്‌ നാലിന്‌ താനൂർ ഹാർബർ പരിസരത്തുനിന്ന്‌ ചുവപ്പ്‌ വളന്റിയർ മാർച്ചും താനൂർ ബീച്ച് റോഡ് ഗ്രൗണ്ടിൽനിന്ന്‌ പൊതുപ്രകടനവും ആരംഭിക്കും. വൈകിട്ട്‌ 5.30ന്‌ സീതാറാം യെച്ചൂരി നഗറിൽ (ചീരാൻ കടപ്പുറം) നടക്കുന്ന പൊതുസമ്മേളനം സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗമായ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്യും. 18 ഏരിയാ കമ്മിറ്റികളെ പ്രതിനിധീകരിച്ച്‌ 332 തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും 38 ജില്ലാ കമ്മിറ്റി അംഗങ്ങളും സമ്മേളനത്തിൽ പങ്കെടുക്കും. 
ആദ്യമായി താനൂരിൽ നടക്കുന്ന ജില്ലാ സമ്മേളനത്തെ നാട് വലിയ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്.  സമ്മേളന  ഭാഗമായി ഒരുമാസത്തോളമായി നടന്നുവരുന്ന അനുബന്ധ പരിപാടികളിൽ വൻ ജനപങ്കാളിത്തമാണുണ്ടായിരുന്നതെന്ന്‌ സംഘാടക സമിതി ചെയർമാൻ മന്ത്രി വി അബ്ദുറഹ്മാൻ, ജില്ലാ സെക്രട്ടറിയറ്റ് അംഗം ഇ ജയൻ, ഏരിയാ സെക്രട്ടറി സമദ് താനാളൂർ, കെ ടി ശശി, വി അബ്ദുറസാഖ് എന്നിവർ പറഞ്ഞു.
 
"സ്ത്രീ കുടുംബം സമൂഹം' സെമിനാർ സംഘടിപ്പിച്ചു
താനൂർ
സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ‘സ്ത്രീ കുടുംബം സമൂഹം’ വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലാ പ്രൊഫസർ ഡോ. കെ ടി ഷംഷാദ് ഹുസൈൻ ഉദ്‌ഘാടനംചെയ്‌തു.  കുടുംബത്തിന്റെ ഉത്തരവാദിത്തം പൂർണമായും സ്ത്രീകളിലേക്ക് ഒതുങ്ങിനിൽക്കുകയാണെന്ന് അവർ പറഞ്ഞു. സ്ത്രീകളുടെ ഏറ്റവും സുരക്ഷിതമായ ഇടം കുടുംബമാണെന്നും കുടുംബത്തിന് പുറത്തേക്കുള്ള അവരുടെ സാമൂഹിക ഇടപെടൽ സുരക്ഷിതത്വത്തെ തകർക്കുമെന്നും എല്ലാവരും അറിയാതെ വിശ്വസിച്ചുപോകുന്നതായും ഡോ. ഷംഷാദ് ഹുസൈൻ കൂട്ടിച്ചേർത്തു.  വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റും വിലയ്‌ക്കുവാങ്ങി എല്ലാവരുടെയും ചിന്താശേഷി നിയന്ത്രിച്ചാണ്‌ ആർഎസ്എസ്‌ വർഗീയ രാഷ്ട്രീയത്തിന്‌ സ്വീകാര്യതയുണ്ടാക്കാൻ ശ്രമിക്കുന്നതെന്ന്‌ എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ പറഞ്ഞു. മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി വി ടി സോഫിയ അധ്യക്ഷയായി. താനാളൂർ പഞ്ചായത്ത് പ്രസിഡന്റ് കെ എം മല്ലിക സംസാരിച്ചു. ഇ സീനത്ത് സ്വാഗതവും കെ പി രാധ നന്ദിയും പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top