ഒഞ്ചിയം
മുക്കാളി റെയിൽവേ സ്റ്റേഷനോടുള്ള അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ജനകീയ ആക്‌ഷൻ കമ്മിറ്റി സ്റ്റേഷനുമുമ്പിൽ ബഹുജന പ്രതിഷേധജ്വാല തീർത്തു. കോവിഡിനുമുമ്പ് സ്റ്റോപ്പുണ്ടായിരുന്ന ട്രെയിനുകൾ പുനഃസ്ഥാപിച്ചുകിട്ടാനാണ് പ്രതിഷേധം. വരുമാനം കുറവാണെന്നുപറഞ്ഞ് റെയിൽവേ സ്റ്റേഷനുകൾതന്നെ അടച്ചുപൂട്ടാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഇത് അംഗീകരിക്കില്ലെന്നും സമരസമിതി അറിയിച്ചു. കോവിഡ് ലോക്ഡൗൺ കാലത്ത് നിർത്തലാക്കിയ കണ്ണൂർ -കോയമ്പത്തൂർ, കോയമ്പത്തൂർ -കണ്ണൂർ, തൃശൂർ കണ്ണൂർ, മംഗളൂരു- കോഴിക്കോട് എന്നീ പാസഞ്ചർ ട്രെയിനുകളുടെ സ്റ്റോപ്പ് പുനഃസ്ഥാപിക്കണമെന്നാണ് ആവശ്യം. മുക്കാളി റെയിൽവേ സ്റ്റേഷന്റെ വികസനവും നടപ്പാക്കണം. റെയിൽവേ അധികൃതരോടും കേന്ദ്രസർക്കാരിനോടും പലതവണ അഭ്യർഥിച്ചിട്ടും മുക്കാളി സ്റ്റേഷന് അനുകൂലമായ നടപടിയുണ്ടാകുന്നില്ല. തുടർന്നാണ് ആക്‌ഷൻ കമ്മിറ്റി പ്രതിഷേധജ്വാല തീർത്തത്.
മുക്കാളി ടൗണിൽ നടന്ന പ്രതിഷേധ സംഗമത്തിൽ ആക്‌ഷൻ കമ്മിറ്റി ചെയർമാൻ റീന രയരോത്ത് അധ്യക്ഷയായി. പഞ്ചായത്ത് പ്രസിസന്റ് ആയിഷ ഉമ്മർ, സംയുക്ത ആക്‌ഷൻ കമ്മിറ്റി ചെയർമാൻ പി ബാബുരാജ്, എം പി ബാബു, എം കെ സുരേഷ് ബാബു, സുജിത് പുതിയോട്ടിൽ, പി കെ പ്രീത, യു എ റഹിം, കെ എ സുരേന്ദ്രൻ, പ്രദീപ് ചോമ്പാല തുടങ്ങിയവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..