മേപ്പയൂർ
ഹരിത കേരളം മിഷന്റെ ‘ഇനി ഞാനൊഴുകട്ടെ’ ജനകീയ ക്യാമ്പയിന്റെ മൂന്നാംഘട്ടത്തിന് തുടക്കമായി. ജില്ലാ ഉദ്ഘാടനം മേപ്പയൂർ പഞ്ചായത്തിലെ ആച്ചിക്കുളങ്ങര കണ്ടംചിറ തോടിൽ ടി പി രാമകൃഷ്ണൻ എംഎൽഎ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ ടി രാജൻ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് എന്നിവർ മുഖ്യാതിഥികളായി. ഹരിത കേരളം മിഷൻ ജില്ലാ കോ -ഓർഡിനേറ്റർ പി ടി പ്രസാദ് ക്യാമ്പയിൻ വിശദീകരിച്ചു.
മൈത്രി നഗർ മുതൽ നരിക്കുനി പാലം വരെയുള്ള 2.1 കിലോമീറ്ററാണ് ആദ്യപടിയായി ശുചീകരിച്ചത്. തോടിന്റെ ഒഴുക്ക് സുഗമമാക്കാൻ ആവശ്യമായ നടപടിയും തുടർന്ന് സ്വീകരിക്കും. മേപ്പയൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഗ്രീൻ കേഡറ്റ്സ് കോർപ്സ് (ജിസിസി), എൻസിസി, ഹരിത കർമസേന, തൊഴിലുറപ്പ് തൊഴിലാളികൾ, സന്നദ്ധ സംഘടനകൾ തുടങ്ങി നൂറുകണക്കിനാളുകൾ ശുചീകരണത്തിൽ പങ്കാളികളായി. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ മഞ്ഞക്കുളം നാരായണൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ കെ നിഷിദ, അഷിത നടുക്കാട്ടിൽ, എ പി രമ്യ, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ വി സുനിൽ, വി പി രമ, ഭാസ്കരൻ കൊഴുക്കല്ലൂർ, കെ കുഞ്ഞിരാമൻ, എൻ എം ദാമോദരൻ, കെ കുഞ്ഞിക്കണ്ണൻ, പി കെ അനീഷ്, അബ്ദുറഹിമാൻ കമ്മന, നിഷാദ് പൊന്നങ്കണ്ടി, എം കെ രാമചന്ദ്രൻ, നാരായണൻ മേലാട്ട്, മധു പുഴയരികത്ത്, എ ടി സി അമ്മത് എന്നിവർ സംസാരിച്ചു. മേപ്പയൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഗ്രീൻ കേഡറ്റ് കോർപ്‌സിന്റെ 2024–--25 വർഷത്തെ മാതൃകാ പ്രവർത്തന രേഖ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി പ്രകാശിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ പി ശോഭ സ്വാഗതവും ഹരിത കേരളം മിഷൻ റിസോളെസ് പേഴ്സൺ എം പി നിരഞ്ജന നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..