ബേപ്പൂർ
ഒരുമിച്ച് അറബിക്കടൽ കടക്കാനൊരുങ്ങി രണ്ട് കൂറ്റൻ ആഡംബര ജലനൗക. ഉരു നിർമാണത്തിന്റെ ഈറ്റില്ലമായ ബേപ്പൂർ കക്കാടത്ത് ഉരുപ്പണിശാലയിൽനിന്ന് കഴിഞ്ഞ ദിവസവും കഴിഞ്ഞ മാസവും നീറ്റിലിറക്കിയ രണ്ട് ഉരുക്കളും ഖത്തറിലേക്കുള്ളതാണെങ്കിലും ആദ്യം പോകുന്നത് യുഎഇയിലെ ദുബായിലേക്കാണ്. കസ്റ്റംസ് നടപടി പൂർത്തിയാക്കി രണ്ടാഴ്ചക്കുശേഷം പുറപ്പെട്ടേക്കും. ബേപ്പൂരിലെ വിദഗ്ധരായ തച്ചന്മാരുടെ മനക്കണക്കും കരവിരുതും ഖലാസികളുടെ കരുത്തും ഇഴചേർന്നാണ് ഭീമൻ ഉരു പൂർത്തിയാകുന്നത്. പ്രശസ്ത തച്ചൻ എടത്തൊടി സത്യന്റെ മേൽനോട്ടത്തിൽ പി ശശിധരന്റെ "സായൂസ് വുഡ് വർക്സ്’ ആണ് രണ്ട് നിർമാണവും ഏറ്റെടുത്തത്. ഇവരുടെ കീഴിൽ മുമ്പും ഉരു നിർമിച്ചിട്ടുണ്ട്. ജലസഞ്ചാര വിനോദത്തിനാണ് ആഡംബര സൗകര്യങ്ങളുള്ള നൗകകൾ ഉപയോഗിക്കുന്നത്. ദുബായിലെത്തിച്ചശേഷം കൊട്ടാരസമാനമായ സൗകര്യങ്ങളുമൊരുക്കും.
ഇപ്പോൾ പുഴയിൽ നങ്കൂരമിട്ടിരിക്കുന്ന രണ്ടും പിൻഭാഗം തുറന്ന "സാം ബൂക്ക്’ മാതൃകയിലുള്ള ഉരുവാണ്. ആദ്യം നീറ്റിലിറക്കിയതിന് 140 അടി നീളവും 33 അടി വീതിയുമുണ്ട്. രണ്ടാമത്തേതിന് 150 അടി നീളവും 34 അടി വീതിയുമാണ്. പ്രധാനമായും രണ്ട് തട്ടുകളോടെയും മികച്ച കൊത്തുപണികളോടെയുമാണ് നിർമാണം. പുറംഭാഗം തേക്കും മറ്റു ഭാഗങ്ങൾ വാക, കരി മരുത്, അയനി തുടങ്ങിയ മരങ്ങളുമാണ് നിർമാണത്തിന് ഉപയോഗിച്ചിരിക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..