കോഴിക്കോട്
ഏറെനാൾ കൊണ്ടുനടന്ന സ്വപ്നം യാഥാർഥ്യമായതിന്റെ അഭിമാനമാണ് മാവൂർ ഇടക്കണ്ടിയിൽ കെ വി ജസ്‌നയുടെ കണ്ണുകളിൽ. പ്രൊഫഷണൽ പാക്കിങ്ങോടെ മേശയിൽ നിരത്തിവച്ച ‘ദോബ’ ഇഡ്ഡലി–- ദോശ മാവ് പാക്കറ്റ് ഈ മുപ്പത്തിമൂന്നുകാരിയുടെ വിജയഗാഥ പറയുന്നു. ‘വീട്ടമ്മ’യിൽനിന്ന് സംരംഭകയിലേക്കുള്ള ജസ്‌നയുടെ യാത്രയുടെ കഥയാണ് ഇതിനകം ഹിറ്റായ ‘ദോബ’ ബ്രാൻഡ്.
തമിഴ്‌നാട്ടിൽ പ്ലാസ്‌റ്റിക് കവറുകളിൽ ദോശമാവ് വ്യാപകമായി വിൽപ്പനയ്‌ക്കുവച്ചത് ശ്രദ്ധയിൽപ്പെട്ടിടത്തുനിന്നാണ് സംരംഭത്തിലേക്കുള്ള യാത്ര തുടങ്ങുന്നത്. തമിഴ്‌നാട്ടിൽ സ്വകാര്യസ്ഥാപനത്തിൽ ജോലിചെയ്യുന്ന ഭർത്താവ് അഷ്‌റഫിനൊപ്പം അഞ്ച് വർഷത്തോളം അവിടെയുണ്ടായ ജസ്‌ന അതിനുള്ള തയ്യാറെടുപ്പായിരുന്നു. എട്ടോളം യൂണിറ്റിൽ ജോലിചെയ്‌തും ഫാക്‌ടറികൾ സന്ദർശിച്ചും കാര്യങ്ങൾ മനസ്സിലാക്കി. ഒരുവർഷംകൊണ്ട് മലപ്പുറത്തും കോഴിക്കോടും ‘ദോബ’ ഹിറ്റായി. കരിപ്പൂർ വിമാനത്താവളത്തിലും ജില്ലകളിലെ നെസ്‌റ്റോ ഹൈപ്പർ മാർക്കറ്റുകളിലും മാവ് ലഭിക്കും.
‘ഫുഡ് കഴിക്കാനും കഴിപ്പിക്കാനും ഇഷ്‌ടമാണ്. സംരംഭം തുടങ്ങണമെന്ന ആഗ്രഹം നേരത്തെയുണ്ടായിരുന്നു. എങ്കിലും എങ്ങനെ തുടങ്ങുമെന്നൊരു പേടി. മടിച്ചുനിന്നപ്പോൾ സംരംഭം ഓൺ ആക്കാൻ എല്ലാ പിന്തുണയുമേകി വ്യവസായ കേന്ദ്രം കൂടെനിന്നു. പെടാപ്പാടെന്ന് കരുതിയ ഫയൽ നൂലാമാലകൾ എളുപ്പം കടന്നു. ഓൺലൈനിൽ എളുപ്പം കാര്യങ്ങൾ ചെയ്യാനായി’–- ജസ്‌ന പറഞ്ഞു. പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കാൻ സഹായിക്കുക മാത്രമല്ല വിവിധ മേളകളിൽ പങ്കെടുക്കാനും അവസരമൊരുക്കി. സർക്കാരിൽനിന്ന് 1.75 ലക്ഷം സബ്സിഡി ലഭിച്ചു. കുടുംബവും പിന്തുണയേകി കൂടെനിന്നു.
2022ലാണ് സംരംഭത്തിന്റെ തുടക്കം. കോയമ്പത്തൂരിൽനിന്ന് യന്ത്രങ്ങൾ എത്തിച്ച് മാവൂർ പോസ്റ്റ് ഓഫീസിന് സമീപം നിർമാണ യൂണിറ്റ് സജ്ജമാക്കി. യന്ത്രത്തിൽപ്പെട്ട് കൈക്ക് പരിക്കുപറ്റിയെങ്കിലും തോൽക്കാൻ ജസ്‌ന ഒരുക്കമായിരുന്നില്ല. 2023 ഡിസംബർ നാലിനായിരുന്നു ഉദ്‌ഘാടനം. പ്രിസർവേറ്റീവുകൾ ചേർക്കാതെയാണ് മാവ് തയ്യാറാക്കുന്നത്. ശീതീകരിച്ച് ഏഴു ദിവസംവരെ സൂക്ഷിക്കാം. പുറത്തുവച്ചാൽ ഏഴോ എട്ടോ മണിക്കൂറിനകം ഉപയോഗിക്കണം. കിലോയ്‌ക്ക് 65 രൂപയാണ് വില. ഒരു പാക്കിൽനിന്ന് 20 ഇഡ്ഡലിയും 16–- -18 ദോശയുമുണ്ടാക്കാം. കൂടുതൽ യന്ത്രങ്ങളെത്തിച്ച് യൂണിറ്റ് വിപുലീകരിക്കാനും വണ്ടികൾ സജ്ജമാക്കി വിപണന ശൃംഖല വ്യാപിപ്പിക്കാനുമെല്ലാമുള്ള പദ്ധതിയിലാണ് ജസ്‌ന.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..