കോട്ടയം
മൈതാനത്ത് തിങ്ങിനിറഞ്ഞ കാണികളുടെ ആരവങ്ങൾ ആവേശമുയർത്തിയ പകലിൽ വീറോടെ പൊരുതി മീനടവും കൊല്ലാടും. സിപിഐ എം ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് നേറ്റീവ് ബോൾ ഫെഡറേഷന്റെ സഹകരണത്തോടെ പുതുപ്പള്ളി സെന്റ് ജോർജ് ഗവ. ഹൈസ്കൂൾ മൈതാനത്ത് നടന്ന നാടൻ പന്തുകളി ഫൈനൽ മത്സരം ജില്ലാ സെക്രട്ടറി എ വി റസൽ ഉദ്ഘാടനം ചെയ്ത് കളിക്കാരെ പരിചയപ്പെട്ടു. ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ കെ എം രാധാകൃഷ്ണൻ, അഡ്വ. റെജി സഖറിയ, ജില്ലാ കമ്മിറ്റി അംഗം കെ ആർ അജയ്, പുതുപ്പള്ളി ഏരിയ സെക്രട്ടറി സുഭാഷ് പി വർഗീസ് തുടങ്ങിയവർ സംസാരിച്ചു. വിജയികൾക്കുള്ള സമ്മാനം വ്യാഴാഴ്‌ച പാമ്പാടിയിലെ ജില്ലാ സമ്മേളനവേദിയിൽ നടക്കുന്ന ചടങ്ങിൽ സംസ്ഥാന സെക്രട്ടറിയറ്റംഗം മന്ത്രി വി എൻ വാസവൻ നൽകും. വെളിച്ചക്കുറവ് മൂലം മത്സരം നിർത്തിവച്ചു. ഇതിനെ തുടർന്ന് ഇരു ടീമുകളെയും വിജയികളായി പ്രഖ്യാപിച്ചു. ആദ്യ ആറുമാസം കൊല്ലാട് ടീമും അടുത്ത ആറ് മാസം മീനടം ടീമും ട്രോഫി പങ്കുവയ്‌ക്കും. മികച്ച കളിക്കാരൻ: എൽദോ മീനടം, മികച്ച കാലടിക്കാരൻ:- മിഥുൻ കൊല്ലാട്, മികച്ച പിടിത്തക്കാരൻ:- സഞ്ജു പുതുപ്പള്ളി, മികച്ച പൊക്കി വെട്ടുകാരൻ: എൽദോ മീനടം, മികച്ച കൈവെട്ടുകാരൻ:- ഹരീഷ് മീനടം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..