06 July Sunday

വിമോചനസമരം വർഗീയതയ്‌ക്ക് തുടക്കമിട്ടു: എം സ്വരാജ്

വെബ് ഡെസ്‌ക്‌Updated: Sunday Dec 29, 2024

പൊൻകുന്നത്ത് സംഘടിപ്പിച്ച ഫാസിസ്റ്റ് വിരുദ്ധ ജനകീയ സംഗമം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം സ്വരാജ് ഉദ്ഘാടനംചെയ്യുന്നു

പൊൻകുന്നം
കേരളത്തിൽ വർഗീയ ചിന്തകൾക്ക് തുടക്കമിടാൻ വിമോചന സമരം കാരണമായെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ് പറഞ്ഞു. ആ സമരത്തിൽ കോൺഗ്രസ് സംഘപരിവാറുമായി കൈകോർത്തു. ഭൂരിപക്ഷ വർഗീയത പടർത്തുന്നതിൽ കൂട്ടുപ്രതിയാണ് കോൺഗ്രസ്. അന്ന് മുതൽ തുടരുന്ന നയത്തിന്റെ ഭാഗമായി യുഡിഎഫ് ഇന്നും സംഘപരിവാറുമായും മുസ്ലീം വർഗീയപ്രസ്ഥാനങ്ങളുമായും ശക്തമായ ബാന്ധവത്തിലാണ്. സിപിഐ എം ജില്ലാ സമ്മേളനത്തിന് മുന്നോടിയായി പൊൻകുന്നത്ത് സംഘടിപ്പിച്ച ഫാസിസ്റ്റ് വിരുദ്ധ ജനകീയ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  വർഗീയതയ്ക്ക് ഇന്ത്യയുടെ ചരിത്രത്തിലെങ്ങും സ്ഥാനമുണ്ടായിട്ടില്ല. അശോക ചക്രവർത്തി ബുദ്ധമതം സ്വീകരിച്ചതിന്റെ പേരിൽ അന്ന് രാജ്യത്ത് പ്രശ്നങ്ങൾ ഉണ്ടായിട്ടില്ല.  മതം ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യം എന്ന് ചിന്തിക്കാൻ അന്നത്തെ ജനതയ്ക്ക് കഴിയുമായിരുന്നു. ക്രിസ്തുവിന് മുമ്പ് പോലും മതം ഓരോരുത്തരുടെയും സ്വകാര്യതയായി മാനിക്കപ്പെട്ടിരുന്നു. 190 വർഷം ഇന്ത്യയെ ഭരിച്ച ബ്രിട്ടീഷുകാരെ നമ്മൾ എതിർത്തു, പക്ഷേ അവരുടെ മതം നമുക്ക് പ്രശ്നമായിട്ടില്ല. അന്നൊന്നും മതത്തെ രാഷ്ട്രീയത്തിൽ ഉൾപ്പെടുത്തിയിരുന്നില്ല. അധികാരത്തിനു വേണ്ടി മതം ഉപയോഗിച്ചപ്പോൾ മുതലാണ് ഇന്ത്യയിൽ വർഗീയത ശക്തിപ്പെട്ടത്. വർഗീയവാദികൾ മതവിശ്വാസികളല്ല. അധികാരത്തിനും നേട്ടങ്ങൾക്കും വേണ്ടി അവർ മതം ഉപയോഗിക്കുന്നു എന്ന് മാത്രം. നിരീശ്വരവാദിയായിരുന്നു സവർക്കർ. പക്ഷേ സവർക്കർ കൊടും വർഗീയത രാജ്യത്ത് തുടങ്ങിവച്ചു.    എം ടി വാസുദേവൻ നായർ എന്നും അടിയുറച്ച മതനിരപേക്ഷ നിലപാട് ഉയർത്തിപ്പിടിച്ചിരുന്നു. പതിനാറാം വയസ്സിൽ ജയകേരളം മാസികയിൽ അദ്ദേഹം എഴുതിയ ലേഖനത്തിന്റെ തലക്കെട്ട്  ‘കാൾ മാർക്സ്' എന്നായിരുന്നു.  ആ ചെറുപ്രായത്തിലും എംടിയെ പ്രലോഭിപ്പിച്ച ആശയം മാർക്സിസമായിരുന്നു എന്നും സ്വരാജ് പറഞ്ഞു.
വർഗീയതയെ ചെറുത്ത് 
മനുഷ്യത്വം ഉയർത്തിപ്പിടിക്കണം
  ഫാസിസ്റ്റ് പ്രവണതകളെ അതിജീവിച്ച്   നേടിയ നേട്ടങ്ങൾ ഇവിടെ നിലനിൽക്കണമെന്ന് അധ്യക്ഷനായ മുതിർന്ന സിപിഐ എം നേതാവ് വൈക്കം വിശ്വൻ പറഞ്ഞു. ഹിന്ദുവിനെ രക്ഷിക്കാൻ മറ്റു മതങ്ങൾ ആക്രമിക്കണമെന്ന ദുഷ്‌പ്രചാരണമാണ് സംഘപരിവാർ നടത്തുന്നത്. അവരെ എതിർക്കുന്നവരെ ആക്രമിക്കുന്നു. വർഗീയതയെ ചെറുത്ത് മനുഷ്യത്വം ഉയർത്തിപ്പിടിക്കണമെന്നും വൈക്കം വിശ്വൻ പറഞ്ഞു. ജില്ലാ സെക്രട്ടറി എ വി റസൽ, സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ അനിൽകുമാർ, ജില്ലാ സെക്രട്ടറിയറ്റംഗം അഡ്വ. റജി സഖറിയ, വാഴൂർ ഏരിയ സെക്രട്ടറി വി ജി ലാൽ, കോട്ടയം ഏരിയ സെക്രട്ടറി ബി ശശികുമാർ, ജില്ലാ കമ്മിറ്റിയംഗം ഗിരീഷ് എസ് നായർ, പ്രൊഫ. ആർ നരേന്ദ്രനാഥ്, വി പി ഇസ്മായിൽ, പി ആർ ഹരിലാൽ, പി കെ ജലജാമണി എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top