കൊല്ലം
മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ രണ്ടാംഘട്ടത്തിൽ ജില്ലയിൽ അഞ്ച് വിനോദസഞ്ചാരകേന്ദ്രങ്ങൾ കൂടി ഹരിതാഭമായി. കുളത്തൂപ്പുഴ ഫോറസ്റ്റ് മ്യൂസിയം, ശെന്തുരുണി റോസ്മല, തെന്മല എർത്ത് ഡാം, കുമ്മിൾ പഞ്ചായത്തിലെ മീൻമുട്ടി വെള്ളച്ചാട്ടം, ചിറക്കര പഞ്ചായത്തിലെ ഫ്രാഗ്രന്റ് നേച്ചർ റിട്രീറ്റ് ആൻഡ് റിസോർട്ട് എന്നിവയാണ് ഹരിത വിനോദസഞ്ചാര കേന്ദ്രങ്ങളായത്. രണ്ടാംഘട്ടം ക്യാമ്പയിൻ പ്രവർത്തനം പൂർത്തീകരിക്കുന്ന ചൊവ്വാഴ്ച ഇവ ഹരിതകേന്ദ്രങ്ങളായി പ്രഖ്യാപിക്കും. മൂന്നാംഘട്ടം ജനുവരി 26ന് 50 ശതമാനം, അഞ്ചാംഘട്ടത്തിൽ മാർച്ച് 30-ന് ജില്ലയിലെ 100 ശതമാനം കേന്ദ്രങ്ങളും ഹരിത വിനോദസഞ്ചാര കേന്ദ്രങ്ങളായി പ്രഖ്യാപിക്കുന്ന പ്രവർത്തനവും പുരോഗമിക്കുന്നു.
ക്യാമ്പയിന്റെ ഭാഗമായി ജില്ലയിൽ 30 കേന്ദ്രങ്ങളാണ് ഹരിത വിനോദസഞ്ചാരകേന്ദ്രങ്ങളായി പ്രഖ്യാപിക്കുന്നതിന് തെരഞ്ഞെടുത്തിട്ടുള്ളത്. അഞ്ചു ഘട്ടങ്ങളിലായി നടത്തുന്ന മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഒന്നാംഘട്ടം പൂർത്തിയാക്കിയ നവംബർ -ഒന്നിന് ആര്യങ്കാവ് -പാലരുവി, അലയമൺ കുടുക്കത്തുപാറ, തെന്മല -ഇക്കോടൂറിസം, ചടയമംഗലം ജടായു എർത്ത് സെന്റർ, കൊട്ടാരക്കര മീൻപിടിപ്പാറ, ഇടമുളയ്ക്കൽ -മലമേൽ എന്നീ കേന്ദ്രങ്ങൾ ഹരിത വിനോദസഞ്ചാര കേന്ദ്രങ്ങളായി പ്രഖ്യാപിച്ചിരുന്നു. മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ജില്ലയിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും കുടുംബശ്രീ അയൽക്കൂട്ടങ്ങളും ഹരിതസ്ഥാപനങ്ങളായി മാറുന്ന പ്രവർത്തനവും ഹരിതകേരളം മിഷൻ, ശുചിത്വമിഷൻ എന്നിവയുടെ ഏകോപനത്തിൽ തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..