കൊല്ലം
ഒക്സ്ഫോർഡ് ഇംഗ്ലീഷ് ഡിക്‌ഷണറിയുടെ ഈ വർഷത്തെ വാക്കായി തെരഞ്ഞെടുത്ത ബ്രെയിൻ റോട്ട് ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. നിലവാരം കുറഞ്ഞ ഉള്ളടക്കം സ്ഥിരമായി വായിക്കുകയോ കാണുകയോ ചെയ്യുന്നതിലൂടെ ഒരു വ്യക്തിയുടെ മാനസിക, ബൗദ്ധിക നിലവാരത്തിന് ഉണ്ടാകുന്ന തകർച്ചയാണ് വാക്ക് അർഥമാക്കുന്നത്. ജില്ലയിലെ ഡി- ഡാഡ് സെന്റർ (ഡിജിറ്റൽ ഡീ- അഡിക്‌ഷൻ) ബ്രെയിൻ റോട്ടിൽനിന്നു കുട്ടികളെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് ശ്രദ്ധനേടുന്നത്. കുട്ടികളിലെ ഡിജിറ്റൽ ആസക്തിക്കു പരിഹാരം കാണുന്നതിനായി കേരള പൊലീസ് ആരംഭിച്ച ഡി -ഡാഡ് ചാമക്കട മാർക്കറ്റിനു സമീപം പഴയ ട്രാഫിക് പൊലീസ് സ്റ്റേഷൻ കെട്ടിടത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്. തിങ്കൾ മുതൽ ശനിവരെ പകൽ 10.30മുതൽ അഞ്ചുവരെയാണ് പ്രവർത്തന സമയം. പൊലീസ് കോ-–-ഓർഡിനേറ്റർ, കോ-–-ഓർഡിനേറ്റർ, സൈക്കോളജിസ്റ്റ് എന്നിവരുടെ നേതൃത്വത്തിലുള്ള സെന്ററിൽ ഈ വർഷംമാത്രം 310 കുട്ടികൾ കൗൺസലിങ് സഹായം തേടിയെത്തി. 152പേർ ഇതുവരെ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തി. 18വയസ്സുവരെ ഉള്ളവർക്കാണ് സൗജന്യ കൗൺസലിങ് നൽകുന്നതെങ്കിലും പ്രത്യേക കേസുകളിൽ മുതിർന്ന വിദ്യാർഥികൾക്കും സേവനം ലഭ്യമാക്കുന്നു. സ്‌കൂൾ കേന്ദ്രീകരിച്ച് കൗൺസിലർമാരുടെ നേതൃത്വത്തിലും ബോധവൽക്കരണം സംഘടിപ്പിക്കുന്നു.
കുടുംബബന്ധങ്ങളിലെ പ്രശ്‌നങ്ങളും മതിയായ ശ്രദ്ധലഭിക്കാത്തതും ഒറ്റപ്പെടലും കുട്ടികളെ അഡിക്‌ഷനിലേക്ക് എത്തിക്കുന്നു. കോവിഡ് കാലത്ത് ഓൺലൈൻ പഠനം ആരംഭിച്ച ശേഷമാണ് കുട്ടികളിലെ ഡിജിറ്റൽ ആസക്തി കൂടിയതെന്നും ഇപ്പോൾ കുട്ടികൾ പരസ്‌പരം സ്‌ക്രീൻ സമയം വർധിപ്പിക്കാൻ മത്സരിക്കുന്നതായും ഓൺലൈനിൽ അമിതസമയം ചെലവഴിക്കുന്നത് വിവിധ മാനസിക പ്രശ്‌നങ്ങൾ, വിഷാദരോഗങ്ങൾ, പഠനവൈകല്യങ്ങൾ എന്നിവയ്ക്ക് കാരണമാകുന്നുവെന്നും സെന്ററിലെ മനഃശാസ്‌ത്ര വിദഗ്‌ധർ പറഞ്ഞു. ഇൻസ്റ്റഗ്രാം, ഫെയ്‌സ്ബുക്ക് ഉൾപ്പെടെയുള്ള നവമാധ്യമങ്ങൾ കരുതലില്ലാതെ ഉപയോഗിക്കുന്നവർ തട്ടിപ്പുകൾക്കും ചൂഷണത്തിനും വിധേയരാകുന്നതിനാൽ ഇതിനെതിരായ ബോധവൽക്കരണവും പദ്ധതി നടത്തുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..