സ്വന്തം ലേഖകൻ
കൊല്ലം
ചവറയിലെ ശുദ്ധജല പൈപ്പ് പൊട്ടൽ പരിഹരിക്കുന്നതിനുള്ള നിർമാണ പ്രവർത്തനം അന്തിമഘട്ടത്തിൽ. ആറു മീറ്റർ വീതം നീളവും 630 എംഎം വ്യാസവുമുള്ള പതിനാല് എച്ച്‌ഡിപിഇ (ഹൈഡൻസിറ്റി പോളി എഥ്‌ലിൻ) പൈപ്പുകളെ വെൽഡ് ചെയ്‌ത് കൂട്ടിയോജിപ്പിക്കുന്ന ജോലിയാണ് നടന്നത്. വെൽഡ് ചെയ്‌ത് 84 മീറ്റർ നീളമുള്ള ഒറ്റ പൈപ്പാക്കിയ ശേഷം വെള്ളം നിറച്ച് പ്രഷർ ടെസ്‌റ്റ് നടത്തി. ഈ പൈപ്പിനെ സ്‌റ്റെബ് എൻഡ് ഉപയോഗിച്ച് 750 എംഎം വ്യാസമുള്ള കാസ്റ്റ് അയൺ പൈപ്പുമായി ബന്ധിപ്പിക്കുന്ന ജോലി തിങ്കളാഴ്‌ച നടക്കും. ആദ്യം ടി എസ് കനാലിൽ വെള്ളത്തിന് അടിയിൽ എച്ച്‌ഡിപിഇ പൈപ്പുകൾ സ്ഥാപിക്കുകയും തുടർന്ന് ശാസ്‌താംകോട്ട ഭാഗത്തുനിന്നും വന്നിട്ടുള്ള കാസ്‌റ്റ് അയൺ പൈപ്പുകളുമായും പിന്നീട് കൊല്ലത്തേക്കുള്ള പൈപ്പുകളുമായും ബന്ധിപ്പിക്കും. ഇരുവശത്തുമുള്ള കാസ്‌റ്റ് അയൺ പൈപ്പുകളിലേക്ക് എച്ച്‌ഡിപിഇ പൈപ്പുകളെ ബന്ധിപ്പിക്കുന്നതിനാണ് സ്‌റ്റെബ് എൻഡ് പ്രധാനമായും ഉപയോഗിക്കുന്നത്. ഇതേറെ സമയമെടുത്ത് ചെയ്യുന്ന ജോലിയാണ്. ടിഎസ് കനാലിൽ സ്ലീവിട്ട് താഴ്‌ത്തിയാണ് പൈപ്പിടുന്നത്. ഏകദേശം മൂന്നു മീറ്ററോളം താഴ്‌ചയുണ്ടാവും. ചൊവ്വാഴ്‌ച ജലവിതരണം പൂർണമായും പുനരാരംഭിക്കുമെന്ന് ജല അതോറിറ്റി ഉദ്യോഗസ്ഥർ പറഞ്ഞു. വേലിയേറ്റവും നീർനായകളുടെ ആക്രമണവും ഭയന്ന് രാത്രിയിൽ വെള്ളത്തിൽ ഇറങ്ങാൻ തൊഴിലാളികൾ മടിച്ചു. കഴിഞ്ഞ ഞായർ രാവിലെയാണ് ചവറ പാലത്തിനു സമീപം പൈപ്പ് ലൈൻ പൊട്ടിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..