കാസർകോട്
പൊട്ടിക്കരഞ്ഞുകൊണ്ടാണ് തന്റെ ദയനീയാവസ്ഥ ബന്തടുക്കയിലെ ഗീതാ പ്രതാപ് അദാലത്തിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിക്ക് മുന്നിൽ വിവരിച്ചത്. ഒടുവിൽ തന്റെ പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കിയതിന്റെ ആശ്വാസത്തിലാണ് മടങ്ങിയത്. ഭർത്താവ് പ്രതാപിനോടും ഭിന്നശേഷിക്കാരായ ജമീഷ് (40), സുനിൽ (38) എന്നീ മക്കളോടുമൊപ്പമാണ് ഗീത കഴിയുന്നത്. റോഡിൽനിന്ന് ഇവരുടെ വീട്ടിലേക്കുള്ള വഴി അഞ്ചു വർഷമായി തടസ്സപ്പെട്ട നിലയിലാണ്. ഇതുകാരണം ഭിന്നശേഷിക്കാരായ മക്കളെ ചുമന്ന് ആശുപത്രിയിൽ കൊണ്ടുപോകേണ്ട അവസ്ഥ. 26 വർഷമായി ഉപയോഗിച്ച 200 മീറ്ററോളം നീളമുള്ള വഴിയാണ് ഒറ്റ വ്യക്തിയുടെ എതിർപ്പിനാൽ മുടങ്ങിയത്. മക്കളെ ആശുപത്രിയിൽ കൊണ്ടുപോകാൻ പ്രയാസം നേരിട്ടപ്പോൾ വീട് അടച്ചിട്ട് ബന്തടുക്ക ടൗണിൽ വാടകയ്ക്ക് കഴിയുകയാണ് ഗീതയും കുടുംബവും.
വഴി അനുവദിച്ചുനൽകാൻ നടപടി സ്വീകരിക്കണമെന്ന 2019ലെ മനുഷ്യാവകാശ കമീഷൻ ഉത്തരവും പാലിക്കപ്പെട്ടില്ല. രേഖകൾ പരിശോധിച്ച മന്ത്രി വഴി ഉടൻ പുനസ്ഥാപിക്കാൻ കുറ്റിക്കോൽ പഞ്ചായത്ത് സെക്രട്ടറിയ്ക്ക് നിർദേശംനൽകി. ആവശ്യമെങ്കിൽ കലക്ടറുമായി ബന്ധപ്പെട്ട് പൊലീസ് സഹായവും തേടണം. അഞ്ചുവർഷമായുള്ള ഓട്ടത്തിന് പരിഹാരമായതിന്റെ സന്തോഷത്തിലാണ് ഗീത.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..