മഞ്ചേശ്വരം
ഉപ്പളയിൽ എടിഎമ്മിലേക്ക് പണം കൊണ്ടുവന്ന വാഹനം തകർത്ത് 50 ലക്ഷം രൂപ കവർന്ന സംഘത്തിലെ ഒരാൾ കൂടി പിടിയിൽ. തമിഴ്‌നാട് തിരുട്ടുഗ്രാമമായ ശ്രീരംഗ റാംജി നഗറിൽ ഹരിഭാസ്‌കർ കോളനിയിലെ കാർവർണനെയാണ് (28) യാണ് മഞ്ചേശ്വരം പൊലീസ് പിടികൂടിയത്.
ഉപ്പളയിൽ റോഡരികിൽ സെക്യൂർ വാല്യൂ കമ്പനിയുടെ എടിഎമ്മിൽ പണം നിറയ്ക്കാൻ കൊണ്ട് വന്ന വാഹനമാണ് തകർത്ത് 50 ലക്ഷം രൂപ കവർന്നത്. കഴിഞ്ഞ മാർച്ചിലാണ് മൂന്നംഗ സംഘം ഉപ്പളയിൽ കവർച്ച നടത്തിയത്. സിസിടിവി ദൃശ്യം പരിശോധിച്ചപ്പോഴാണ് പ്രതികളെ കുറിച്ച് വിവരം ലഭിച്ചത്. ഒരു പ്രതിയായ മുത്തുകുമാറിനെ പൊലീസ് പിടികൂടിയതറിഞ്ഞ് മാസങ്ങളായി മറ്റ് രണ്ടു പ്രതികളും വിവിധ സംസ്ഥാനങ്ങളിലായി ഒളിവിൽകഴിയുകയായിരുന്നു. ഇടക്കിടക്ക് പ്രതികൾ അവരുടെ ഗ്രാമത്തിൽ വന്നു പോകുന്നുവെന്ന് അന്വേഷണത്തിൽ മനസിലായ പൊലീസ് നിരീക്ഷിച്ച് വരികയായിരുന്നു. കാർവർണൻ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാഹസികമായി കീഴടക്കുകയായിരുന്നു. മൂന്നാം പ്രതിയെക്കുറിച്ചും വ്യക്തമായ സൂചന പൊലീസിന് കിട്ടി.
ജില്ലാ പൊലീസ് മേധാവി ഡി ശിൽപയുടെ നിർദ്ദേശ പ്രകാരം ഡിവൈഎസ്‌പി സി കെ സുനിൽ കുമാറിനായിരുന്നു അന്വേഷണച്ചുമതല. മഞ്ചേശ്വരം ഇൻസ്‌പെക്ടർമപൊയ ഇ അനൂബ് കുമാർ, രതീഷ് ഗോപി, എഎസ്ഐ ദിനേഷ് രാജൻ, ഉദ്യോഗസ്ഥരായ ഷുക്കൂർ, പി കെ ഗിരീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..