കണ്ണൂർ
ദേശീയപാത വികസനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ വിവിധ വകുപ്പുകൾക്ക് ജില്ലാ വികസന സമിതി യോഗത്തിൽ നിർദേശം. പ്രശ്‌നങ്ങൾ ചർച്ചചെയ്യാനാവശ്യപ്പെട്ട് എം വി ഗോവിന്ദൻ എംഎൽഎ നൽകിയ കത്തിനെതുടർന്നാണ് തീരുമാനം. ദേശീയപാതയിൽ പുതിയപാലം നിർമിക്കുന്നതിന് തളിപ്പറമ്പ് കുപ്പം പുഴയിലിട്ട മണ്ണ് മഴയിൽ ഒഴുകി കാർഷിക വിളകൾ നശിക്കുകയും സ്ഥലം പുഴയെടുക്കുകയുംചെയ്‌തു. കൃഷിക്കാർക്ക് നഷ്ടപരിഹാരം നൽകുന്നതിനും കര സംരക്ഷിക്കുന്നതിനും നടപടി സ്വീകരിക്കണം. പട്ടുവം റോഡിൽ ഇരുവശവും മണ്ണിടിച്ച ഭാഗത്ത് നടക്കുന്ന പ്ലാസ്റ്ററിങ് പ്രായോഗികമല്ലെന്നും മറ്റു മാർഗം ആലോചിച്ചില്ലെങ്കിൽ അപകടം ഉണ്ടാകും. ഏഴാംമൈൽ- കൂവോട് റോഡിൽ അടിപ്പാത നിർമിക്കുന്നതിനോട് ചേർന്ന് തളിപ്പറമ്പ് നഗരത്തിൽനിന്നുൾപ്പെടെ വെള്ളം ഒഴുകിപ്പോകുന്ന തോട് വീതികുറച്ച് കോൺക്രീറ്റ് ചെയ്യുന്നതും കുറ്റിക്കോൽ പുഴയിൽചെന്ന് പതിക്കുന്ന തോടിന്റെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുത്തിയും വീതികുറച്ചും പ്രവൃത്തി പൂർത്തീകരിച്ചാൽ വെള്ളപ്പൊക്കത്തിനും പകർച്ചവ്യാധിക്കും ഇടയാകുമെന്നും എം വി ഗോവിന്ദൻ എംഎൽഎ ചൂണ്ടിക്കാട്ടിയതിനെതുടർന്നാണ് നടപടിയെടുക്കാൻ എഡിഎം സി പത്മചന്ദ്രക്കുറുപ്പ് നിർദേശം നൽകിയത്.
പുതിയതെരു ടൗണിൽ രണ്ടാഴ്ചക്കുള്ളിൽ ടാറിങ് പൂർത്തിയാക്കുമെന്ന് പ്രൊജക്ട് ഡയറക്ടർ അറിയിച്ചു.
പടിയൂരിലെ എബിസി സെന്ററിൽ നിലവിലുള്ള 48 കൂടുകൾക്കുപുറമേ കൂടുതൽ കൂട് സ്ഥാപിക്കാനുള്ള ഷെഡ് നിർമാണം ഒരുമാസത്തിനകം പൂർത്തിയാക്കും.
പയ്യന്നൂർ റവന്യു ടവറിലെ വില്ലേജ് ഓഫീസ്, പയ്യന്നൂർ താലൂക്ക് ഓഫീസ് എന്നിവയ്‌ക്ക് ആവശ്യമായ ഫർണിച്ചറുകൾ ലഭ്യമാക്കുന്നതിന് ആർട്ടിസാൻസ് ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിന്റെ 48,64,529 രൂപയുടെ എസ്റ്റിമേറ്റ്, പ്ലാൻ എന്നിവ ഭരണാനുമതിക്കും ഫണ്ട് അനുവദിക്കുന്നതിനുള്ള തുടർ നടപടികൾക്കും ലാൻഡ് റവന്യു കമീഷണർക്ക് സമർപ്പിച്ചു.
മലനാട് റിവർ ക്രൂസ് പദ്ധതിയുടെ ഭാഗമായി മയ്യഴിപ്പുഴയിൽ നിർമിച്ച ബോട്ട് ജെട്ടികളുടെ ടെൻഡർ കണ്ടീഷനിൽ മാറ്റം വരുത്തുമെന്ന് ഡിടിപിസി സെക്രട്ടറി അറിയിച്ചു.
തലശേരി ജനറൽ ആശുപത്രിയുടെ വാട്ടർ ടാങ്ക്, കാഷ്വാലിറ്റി, ലിഫ്റ്റ് എന്നിവയുടെ നിർമാണത്തിന് 1.85 കോടി രൂപയുടെ ടെക്നിക്കൽ അനുമതി അടുത്തയാഴ്ച ലഭിക്കുമെന്ന് ഡിഎംഒ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..