06 July Sunday

ഭിന്നശേഷി കുരുന്നുകള്‍ക്ക് പുതുവത്സര സമ്മാനം

വെബ് ഡെസ്‌ക്‌Updated: Sunday Dec 29, 2024
മട്ടന്നൂര്‍
ഭിന്നശേഷി കുരുന്നുകള്‍ക്ക് പുതുവത്സര സമ്മാനമായി പഴശ്ശി മോഡല്‍ ചൈല്‍ഡ് റീഹാബിലിറ്റേഷന്‍ സെന്ററിന്റെ പ്രവർത്തനം ഒന്നിന് തുടങ്ങും. മട്ടന്നൂർ നഗരസഭയുടെ പഴശ്ശിരാജാ മെമ്മോറിയൽ ബഡ്സ് സ്കൂൾ ഇനിമുതൽ പുതിയ കെട്ടിടത്തിലാണ് പ്രവർത്തിക്കുക. നേരത്തെ ഉദ്ഘാടനം കഴിഞ്ഞ കെട്ടിടത്തിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കിയാണ് പ്രവർത്തനം ആരംഭിക്കുന്നത്. നഗരസഭ വിട്ടുനൽകിയ കന്നാട്ടുംകാവിലെ സ്ഥലത്താണ് പുനരധിവാസകേന്ദ്രം നിർമിച്ചത്. ജില്ലയിലെ ആദ്യത്തേതും സംസ്ഥാനത്തെ ഏറ്റവുംവലിയ രണ്ടാമത്തേതുമായ ഷെൽട്ടർ ഹോമാണിത്. ഭിന്നശേഷി വിദ്യാര്‍ഥികളുടെ കഴിവുകളെ പരിപോഷിപ്പിക്കുന്നതിനും അവരിലെ ന്യൂനതകളെ വിദഗ്‌ധപരിചരണത്തിലൂടെ മേന്മകളായി ഉയര്‍ത്താനുമാണ് 3.5 കോടി ചെലവിട്ട് ആധുനിക സംവിധാനങ്ങളോടെ  കെട്ടിടം നിര്‍മിച്ചത്.  സെന്ററിനെ നിപ്മർ മാതൃകയില്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള ശ്രമമാണ് കെ കെ ശൈലജ എംഎൽഎയുടെ നേതൃത്വത്തിൽ നടത്തുന്നത്. ഇതിന്റെ പ്രവർത്തനങ്ങൾക്കായി പ്ലാൻഫണ്ടിൽനിന്ന് രണ്ടുകോടി രൂപകൂടി അനുവദിച്ചിട്ടുണ്ട്. ആ തുകകൊണ്ട് ജെൻഡർ സെന്റർ ആരംഭിക്കാനാണ് ലക്ഷ്യം. ഭിന്നശേഷിക്കാരായ കുട്ടികളുടെ അമ്മമാർക്ക് തൊഴിൽ പരിശീലനം നൽകുന്നതിനാകും ജെൻഡർ സെന്റർ ആരംഭിക്കുക. മൂന്നുനിലകളിലേക്കും റാമ്പുകൾ, ശാരീരിക വെല്ലുവിളിനേരിടുന്ന കുട്ടികൾക്ക് അനുയോജ്യമായ മറ്റുസൗകര്യങ്ങൾ എന്നിവ ഉൾപ്പെടുത്തിയാണ് കെട്ടിടസമുച്ചയം. ഫിസിയോതെറാപ്പി, സ്പീച്ച് തെറാപ്പി, ക്ലിനിക്കൽ സൈക്കോളജി, വെർച്വൽ റീഹാബിലിറ്റേഷൻ, വൊക്കേഷണൽ ട്രെയിനിങ്, സ്‌പെഷ്യൽ എഡ്യുക്കേഷൻ തുടങ്ങി കുട്ടികൾക്ക് എല്ലാ മേഖലയിലുമുള്ള പരിചരണവും ശ്രദ്ധയും ഇവിടെ ലഭിക്കും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top