കോട്ടയം
വിദ്യാർഥികളുടെ അവകാശപ്പോരാട്ടങ്ങളുടെ കരുത്തായി എസ്‌എഫ്‌ഐ രൂപീകരിച്ചിട്ട് 54 വർഷം പൂർത്തിയാകുമ്പോൾ വിചാരണകളെയും കുപ്രചാരണങ്ങളെയും തള്ളിക്കളഞ്ഞ് എസ്എഫ്ഐയെ ഹൃദയത്തോട് ചേർത്ത് ജില്ലയിലെ വിദ്യാർഥി സമൂഹം. ജില്ലയിലെ എംജി സർവകലാശാല, ഐടിഐ, പോളിടെക്‌നിക് കോളേജുകളിലെ യൂണിയൻ തെരഞ്ഞെടുപ്പുകൾ പൂർത്തിയായപ്പോൾ ക്യാമ്പസുകൾ മുഴുവൻ എസ്എഫ്ഐയ്ക്ക് അനുകൂലമായി വിധിയെഴുതി. മാധ്യമങ്ങളും, വലതുപക്ഷവും കൂട്ടമായി എസ്എഫ്ഐക്കെതിരെ അപവാദ പ്രചാരണങ്ങൾ അഴിച്ചുവിട്ടെങ്കിലും വിദ്യാർഥികളെ ചേർത്ത് നിർത്തിയെന്നതിന്റെ തെളിവാണ് ജില്ലയിലെ ക്യാമ്പസുകളിൽ എസ്എഫ്ഐ നേടിയ ഉജ്വല വിജയം.
എംജി സർവകലാശാലയ്‌ക്ക് കീഴിൽ തെരഞ്ഞെടുപ്പ് നടന്ന 36ൽ 33ലും പോളിടെക്‌നിക് തെരഞ്ഞെടുപ്പിൽ 3 ൽ 3 ഇടത്തും ഐ ടി ഐ തെരഞ്ഞെടുപ്പിൽ 4 ൽ 4 ലും ആരോഗ്യ സർവകലാശാലയിൽ 11 ൽ 10 ഉം മികച്ച ഭൂരിപക്ഷത്തിൽ ജയിച്ച് യൂണിയൻ നേടി. കെഎസ്‌യുവിൽ നിന്ന് മാന്നാനം കെഇ കോളേജും ഫാർമസി കോളേജും തിരിച്ചുപിടിക്കാനുമായി. കഴിഞ്ഞ ദിവസം നടന്ന എംജി സർവകലാശാല ഡിപ്പാർട്മെന്റൽ സ്റ്റുഡന്റസ് യൂണിയൻ തെരഞ്ഞെടുപ്പിൽ 18ൽ 18 സീറ്റിലും ഫ്രെറ്റേർണിറ്റിയെ പരാജയപ്പെടുത്തി മികച്ച ഭൂരിപക്ഷത്തോടെ വിജയിച്ചു. കടന്നാക്രമണങ്ങളുടെ കാലത്ത് വിദ്യാർഥികൾ തന്നെ എസ്എഫ്ഐയ്ക്ക് വേണ്ടി പ്രതിരോധത്തിന്റെ കോട്ട തീർക്കുകയാണ്. ജില്ലയിലെ പല ക്യാമ്പസുകളിലും വർഗീയ ശക്തികളുടെ കടന്നാക്രമണങ്ങളെയും അവിശുദ്ധ പ്രചാരണങ്ങളെയും മറികടന്നാണ് എസ്എഫ്ഐ ഉജ്വല വിജയം നേടിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..