കൊച്ചി
ബോട്ട് മാസ്റ്ററായി വിരമിച്ച പനങ്ങാട് മുണ്ടേംപിള്ളി വി കെ വേണുഗോപാൽ വീടിന്റെ നികുതി ഇളവുചെയ്യണമെന്ന പരാതിയുമായാണ് കണയന്നൂർ താലൂക്ക് അദാലത്തിലെത്തിയത്. അയ്യായിരത്തിലധികം രൂപയാണ് കെട്ടിടനികുതിയിനത്തിൽ വേണുഗോപാലിന് അടയ്ക്കേണ്ടിവന്നത്. വീട് തീരദേശ നിയന്ത്രണമേഖലയിലാണെന്നതാണ് കാരണം. എന്നാൽ, സമാനമായ നിലയിൽ സമീപമുള്ള വീടുകൾക്ക് ഈ പ്രശ്നമില്ലെന്ന് വേണുഗോപാൽ പറയുന്നു.
തുച്ഛമായ പെൻഷൻ വാങ്ങുന്ന തനിക്ക് വലിയ തുക അടയ്ക്കാനാകുന്നില്ലെന്നും ഇളവുനൽകണമെന്നുമായിരുന്നു ആവശ്യം. ഈ സ്ഥലത്ത് നമ്പറുള്ള മറ്റ് കെട്ടിടങ്ങളോ റോഡോ ഉണ്ടെങ്കിൽ സംസ്ഥാനതല കമ്മിറ്റിക്ക് ജനുവരി അഞ്ചിനകം ശുപാർശ സമർപ്പിക്കാൻ കുമ്പളം പഞ്ചായത്ത് സെക്രട്ടറിക്ക് മന്ത്രി പി രാജീവ് നിർദേശം നൽകി.
വിവിധ അപകടങ്ങളിൽപ്പെട്ട 45ലധികംപേരെ മരണത്തിൽനിന്ന് രക്ഷപ്പെടുത്തിയതിനു രാഷ്ട്രപതിയുടെ മെഡൽ നേടിയ വ്യക്തിയാണ് വേണുഗോപാൽ.
ഏറ്റവുമൊടുവിൽ അരൂർ -കുമ്പളം പാലത്തിൽനിന്ന് ചാടാൻ ശ്രമിച്ച അമ്മയെയും മകനെയും തിരികെ ജീവിതത്തിലേക്കു കൊണ്ടുവന്നത് വേണുവും മത്സ്യത്തൊഴിലാളിയായ മകൻ വിജീഷും ചേർന്നാണ്. വീടിന്റെ നികുതി ഇളവ് ചെയ്യുന്നതിൽ അനുകൂല നടപടി സ്വീകരിച്ചതിലുള്ള സന്തോഷവും അദ്ദേഹം പങ്കുവച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..