01 July Tuesday

പരാതികൾക്ക് പരിഹാരം, നിറമനസ്സോടെ ദിദി

വെബ് ഡെസ്‌ക്‌Updated: Tuesday Dec 31, 2024


കൊച്ചി
ഭൂമിസംബന്ധിച്ച മൂന്നു പരാതികൾക്ക്‌ പരിഹാരം തേടിയാണ് നെട്ടൂർ നെടുംപിള്ളിൽ എ കെ ദിദി അദാലത്തിലെത്തിയത്‌. ഭർത്താവ് എൻ എൻ ഗോപാലന് ഇഷ്ടദാനമായി ലഭിച്ച ഭൂമിയുടെ അതിർത്തി നിർണയിക്കുന്നതിനായി ആറുവർഷമായി അപേക്ഷയുമായി നടക്കുകയാണ്. ചിലർ ഈ സ്ഥലം കൈയേറി അവിടെ പതികൂടി സ്ഥാപിച്ചതോടെ കൂടുതൽ പ്രശ്നമായി.

ഭൂമി അളന്ന്‌ ലഭിക്കുന്നതിൽ വീണ്ടും സാങ്കേതിക തടസ്സങ്ങളുണ്ടായി. ഭൂമി അളന്ന് അതിർത്തി നിർണയിച്ച്‌ നൽകാൻ മന്ത്രി പി രാജീവ് നിർദേശിച്ചു. ഭൂമി പോക്കുവരവ് നൽകുന്നതിന്‌ സമർപ്പിച്ച രണ്ട് അപേക്ഷകൾകൂടി പരിഹാരമായതിന്റെ സന്തോഷത്തിലാണ് ദിദി മടങ്ങിയത്.

ഇരു കാലുകൾക്കും സ്വാധീനക്കുറവുള്ള കടമക്കുടി കോതാട് സ്വദേശി സി സി സെബാസ്റ്റ്യന് അദാലത്തുവേദിയിലെത്താൻ ബുദ്ധിമുട്ടായിരുന്നു. ഇതറിഞ്ഞ മന്ത്രി പി പ്രസാദ്‌ സെബാസ്റ്റ്യനെ കാണാൻ കൗണ്ടറിനു പുറത്തേക്കിറങ്ങി. തന്റെയും സഹോദരന്റെയും പേരിലുള്ള ഭൂമിയിൽ കൈയേറ്റം നടന്നുവെന്നായിരുന്നു സെബാസ്റ്റ്യന്റെ പരാതി. ഭൂമി എത്രയുംപെട്ടെന്ന് അളന്നു തിട്ടപ്പെടുത്തി കൈയേറ്റം ഒഴിപ്പിക്കണമെന്നാണ് ആവശ്യം. ജനുവരി 20ന് സ്ഥലപരിശോധന നടത്തി പരാതി പരിഹരിക്കാൻ മന്ത്രി തഹസിൽദാർക്ക്‌ നിർദേശം നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top