പെരുമ്പാവൂർ
നിരന്തര കുറ്റവാളികളായ വേങ്ങൂർ വെസ്റ്റ് നെടുങ്ങപ്ര കല്ലിടുമ്പിൽവീട്ടിൽ അമൽ (29), വേങ്ങൂർ വെസ്റ്റ് കണ്ണഞ്ചേരിമുകൾ കുറുപ്പംചാലിൽവീട്ടിൽ ജോജി (27), മേയ്ക്കപ്പാല പ്ലാച്ചേരിവീട്ടിൽ അജിത് (29) എന്നിവരെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കലക്ടർ എൻ എസ് കെ ഉമേഷാണ് ഉത്തരവിട്ടത്.
അമൽ, ജോജി എന്നിവർ കുറുപ്പംപടി, കോടനാട് പൊലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതകശ്രമം, കഠിന ദേഹോപദ്രവം, അതിക്രമിച്ചുകടക്കൽ, ന്യായവിരോധമായി സംഘംചേരൽ, ആയുധനിയമം തുടങ്ങി നിരവധി കേസുകളിൽ ഉൾപ്പെട്ടവരാണ്. രണ്ടുപേരും കോടനാട്, കുറുപ്പംപടി സ്റ്റേഷനുകളിൽ ഈ വർഷം രജിസ്റ്റർ ചെയ്ത മൂന്ന് കേസുകളിൽ പ്രതിയായതിനെ തുടർന്നാണ് നടപടി.
അജിത് കുറുപ്പംപടി, കോടനാട്, കോതമംഗലം സ്റ്റേഷൻ പരിധികളിൽ വധശ്രമം, ദേഹോപദ്രവം, തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തൽ, സ്ത്രീകൾക്കെതിരായ കുറ്റകൃത്യം തുടങ്ങി നിരവധി കേസിലെ പ്രതിയാണ്. ഒക്ടോബറിൽ കോതമംഗലത്ത് കാർണിവൽ സ്റ്റാളിന് സ്ഥലം ലേലം ചെയ്തതുമായി ബന്ധപ്പെട്ട സംഘട്ടനത്തിൽ രജിസ്റ്റർ ചെയ്‌ത വധശ്രമക്കേസിൽ ഉൾപ്പെട്ടതിനെ തുടർന്നാണ് നടപടി. ഈ കേസിലെ മറ്റൊരു പ്രതിയെയും കാപ്പ ചുമത്തി ജയിലിലടച്ചിരുന്നു.
ഇൻസ്പെക്ടർമാരായ വി എം കേഴ്സൺ, സാം ജോസ്, ജി പി മനുരാജ്, എസ്ഐമാരായ എൽദോ പോൾ, പി വി ജോർജ്, എ എസ് ശിവൻ, സീനിയർ സിപിഒമാരായ സുനിൽ കെ ഉസ്മാൻ, പി ആർ അഭിലാഷ് എന്നിവരാണ് പ്രതികളെ പിടികൂടിയത്. 2024ൽ റൂറൽ ജില്ലയിൽ 24 പേരെ കാപ്പ ചുമത്തി ജയിലിലടച്ചു. 55 പേരെ നാടുകടത്തി. 20 പേരെ ഡിവൈഎസ്‌പി ഓഫീസുകളിലും സ്റ്റേഷനുകളിലും ഒപ്പിടുന്നതിനും ഉത്തരവായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..