കൊച്ചി
ഹോം ഓട്ടമേഷനിലെ ഐഒടി സാധ്യതകളും ത്രീഡി അനിമേഷൻ നിർമാണവും പരിചയപ്പെടുത്തി ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പുകൾ സമാപിച്ചു. വീടുകളിലെ സുരക്ഷാസംവിധാനം ഐഒടി സാധ്യതകളിലൂടെ സാധ്യമാക്കുന്നതിന്റെ പ്രോട്ടോ ടൈപ്പുകൾ തയ്യാറാക്കലാണ് ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പിലെ പ്രോഗ്രാമിങ് വിഭാഗത്തിലെ കുട്ടികൾ പൂർത്തിയാക്കിയ പ്രോജക്ട്.
വീടുകളിലെ ഇലക്ട്രിക്, -ഇലക്ട്രോണിക് ഉപകരണങ്ങൾ നിയന്ത്രിക്കാനും പാചകവാതക ചോർച്ച, തീപിടിത്തം തുടങ്ങിയവ കണ്ടെത്തി നിയന്ത്രിക്കാനും കഴിയുന്ന മൊബൈൽ ആപ്പുകൾ എല്ലാ ക്യാമ്പംഗങ്ങളും തയ്യാറാക്കി. ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾക്ക് കൈറ്റ് നൽകിയ റോബോട്ടിക് കിറ്റുകളുപയോഗിച്ചാണ് പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്.
196 യൂണിറ്റുകളിൽനിന്ന് 106 കുട്ടികൾ കൈറ്റ് ജില്ലാ കേന്ദ്രം, ഇടപ്പള്ളി ഗവ. ഹൈസ്കൂൾ എന്നീ സെന്ററുകളിൽ നടന്ന ക്യാമ്പിൽ പങ്കെടുത്തു. സമാപനപരിപാടിയിൽ കൈറ്റ് സിഇഒ കെ അൻവർ സാദത്ത് ഓൺലൈനായി ക്യാമ്പംഗങ്ങളുമായി സംസാരിച്ചു.
സ്വതന്ത്ര സോഫ്‍റ്റ്‍വെയറായ ബ്ലെൻഡർ സോഫ്റ്റ്‍വെയർ പ്രയോജനപ്പെടുത്തിയുള്ള ത്രീഡി അനിമേഷൻ നിർമാണമായിരുന്നു അനിമേഷൻ വിഭാഗത്തിലെ കുട്ടികളുടെ പ്രവർത്തനം. അന്യഗ്രഹത്തിലെ ഒരാൾ നമ്മുടെ ഗ്രഹത്തിലേക്ക് വിനോദയാത്രയ്ക്കെത്തിയാൽ ഭൂമിയിൽ ഒരുക്കുന്ന കാഴ്ചകളായിരുന്നു അനിമേഷന്റെ പ്രമേയം. ക്യാമ്പിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച 10 കുട്ടികൾ സംസ്ഥാന ക്യാമ്പിൽ പങ്കെടുക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..