കൊച്ചി
എം ടി വാസുദേവൻനായർ മാതൃഭൂമി ആഴ്‌ചപ്പതിപ്പിന്റെ പത്രാധിപരായിരുന്നപ്പോൾ കണ്ടെത്തിയ എഴുത്തുകാരിൽ ഒരാളായിരുന്നു കൊച്ചിക്കാരൻ ജോസഫ് വൈറ്റില. ജനുവരി ഒമ്പതിന് ജോസഫിന്റെ ഒന്നാം ചരമവാർഷികം ആചരിക്കുമ്പോൾ, ആ സാധാരണക്കാരനെ എഴുത്തുവഴിയിൽ കൈപിടിച്ചുയർത്തിയ എം ടിയെ ക്ഷണിക്കാനും ആദരിക്കാനും ജോസഫിന്റെ സുഹൃത്തുക്കൾ തയ്യാറെടുക്കുകയായിരുന്നു. അപ്പോഴാണ് സുഹൃത്തിന്റെ സാഹിത്യഗുരുവിന്റെ വേർപാട് അവരെ അതീവദുഃഖത്തിലാക്കിയത്.
ജീവിതത്തിന്റെ രണ്ടറ്റവും മുട്ടിക്കാൻ കിണർനിർമാണ കരാറുകാരനായും സിനിമാതിയറ്ററിൽ ടിക്കറ്റ് കീറാനും ജോസഫ് പണിയെടുത്തിട്ടുണ്ട്. ക്ലർക്ക്, അറ്റൻഡർ, പത്രാധിപർ, നാടകട്രൂപ്പ് ഉടമ, തിരക്കഥാകൃത്ത്... തന്റെ കഥകളിലെയും നോവലുകളിലെയും കഥാപാത്രങ്ങളെപ്പോലെ പരുക്കൻ ജീവിതവേഷങ്ങൾ ഒരുപാടുണ്ട്. അനുഭവസമ്പന്നനായ ജോസഫിന്റെ സാഹിത്യവാസന തിരിച്ചറിഞ്ഞ് അറിയപ്പെടുന്ന എഴുത്തുകാരനാക്കിയത് എം ടിയാണ്. അയക്കുന്ന കഥകളൊക്കെ എം ടി മിനുക്കി ശരിയാക്കി പ്രസിദ്ധീകരിച്ചു. ഈ പ്രോത്സാഹനമാണ് ജോസഫിനെ എഴുത്തിൽ ഉറപ്പിച്ചത്. 15 നോവലുകളും അഞ്ച് ചെറുകഥാസമാഹാരങ്ങളും രണ്ടു നാടകങ്ങളും പ്രസിദ്ധീകരിച്ചു. 2012ൽ സമഗ്രസംഭാവനയ്ക്ക് കേരള സാഹിത്യ അക്കാദമിയുടെ പുരസ്കാരം ലഭിച്ചു.
എം ടിയെ മാതൃകയാക്കി തന്റെ ജീവിതപരിസരത്തുനിന്നാണ് ജോസഫും കഥകൾ കണ്ടെത്തിയത്. 18–-ാംവയസ്സിലാണ് ആദ്യകഥ ‘ചരമവാർഷികം’ പ്രസിദ്ധീകരിച്ചത്. തന്റെ കുടുംബവുമായി ബന്ധപ്പെട്ട കഥയാണത്. സൃഷ്‌ടി പുറത്തുകാണിക്കാൻ മടിയായിരുന്നു. കവിയും ഗാനരചയിതാവുമായിരുന്ന സുഹൃത്ത് അപ്പൻ തച്ചേത്താണ് അത് മാതൃഭൂമിയിലേക്കയച്ചത്. ജോസഫ് വൈറ്റില എന്ന് പേരിട്ടതും അപ്പനാണ്. എം ടിയാണ് അന്ന് ആഴ്‌ചപ്പതിപ്പിന്റെ ചുമതലക്കാരൻ. രണ്ടാഴ്‌ച കഴിഞ്ഞപ്പോൾ കഥ പ്രസിദ്ധീകരിച്ചു.
ജോസഫ് അന്ന് ചാലക്കുടിയിൽ ഐടിഐയിൽ പഠിക്കുകയാണ്. ഹോസ്‌റ്റലിലാണ് താമസം. അപ്പം ഉണ്ടാക്കിയും കയർ പിരിച്ചും അമ്മൂമ്മ അയക്കുന്ന അഞ്ചു രൂപയാണ് ആശ്രയം. ഒരിക്കൽ പണം വൈകി ഭക്ഷണശാലയിൽ കടം പെരുകി. ഭക്ഷണം നൽകാതെ ജോസഫിനെ ഇറക്കിവിട്ടു. അപമാനിതനായി കരഞ്ഞ് ഹോസ്‌റ്റലിൽ എത്തിയപ്പോൾ തപാലുകാരൻ ജോസഫിനെ തേടി എത്തിയിരിക്കുന്നു. ആദ്യകഥയുടെ പ്രതിഫലമായി 10 രൂപ മണിയോർഡറുമായാണ് വരവ്. ആ പണം വാങ്ങി കടംവീട്ടിയാണ് അന്ന് ഭക്ഷണം കഴിച്ചത്. ജോസഫിന്റെ വിയോഗവാർഷികം അടുക്കുമ്പോൾ സുഹൃത്തുക്കൾ ഈ കഥകൾ ഓർക്കുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..