01 July Tuesday

അറിവിന്റെ അശ്വമേധമായി 
മെഗാ പ്രശ്‌നോത്തരി

വെബ് ഡെസ്‌ക്‌Updated: Tuesday Dec 31, 2024

സിപിഐ എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച്‌ സംഘടിപ്പിച്ച മെഗാ പ്രശ്‌നോത്തരിയിൽ വിജയിയായ ബി ശ്യാമിന്‌ 
എച്ച്‌ സലാം എംഎൽഎ സമ്മാനം നൽകുന്നു. ഗ്രാൻഡ്‌ മാസ്‌റ്റർ ജി എസ്‌ പ്രദീപ്‌ സമീപം

ഹരിപ്പാട്‌
അറിവിന്റെ അശ്വമേധത്തിൽ ചോദ്യവും ഉത്തരവുമായി നൂറുകണക്കിനുപേർ പോരാടാനെത്തിയപ്പോൾ മെഗാ പ്രശ്‌നോത്തരി വിജ്ഞാന പടയോട്ടമായി. കാണാനെത്തിയവർ മത്സരാർഥികളായി കളംനിറഞ്ഞപ്പോൾ ഓരോ ഉത്തരങ്ങൾക്കും നീണ്ട കരഘോഷമായി. ഗ്രാൻഡ്‌ മാസ്റ്റർ ഡോ. ജി എസ്‌ പ്രദീപ് നയിച്ച ബ്രെയിൻ ബാറ്റിൽ ഹരിപ്പാടിന്‌ വേറിട്ട അറിവുകളിലൂടെയുള്ള സഞ്ചാരമായി. സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായാണ് തൽസമയ മെഗാ പ്രശ്നോത്തരി സംഘടിപ്പിച്ചത്‌. മെഗാ പ്രശ്‌നോത്തരിയിൽ കൊല്ലം കുണ്ടറ സ്വദേശിയായ ബി ശ്യാം വിജയിച്ചു. ദേവസ്വം വിജിലൻസ്‌ സബ്‌ ഇൻസ്‌പെക്ടറാണ്‌. 11,111 രൂപയാണ് സമ്മാനത്തുക. വിഷ്ണു, ആർദ്ര എന്നിവർ ജി എസ് പ്രദീപിനൊപ്പം മത്സരം നയിച്ചു. 
പരിപാടി കാണാനെത്തിയവരിൽനിന്നാണ് മത്സരാർഥികളെ തെരഞ്ഞെടുത്തത്. സദസിലേക്ക്‌ എറിഞ്ഞ ചോദ്യങ്ങളിൽ നിന്ന്‌ ശരിയായ ഉത്തരം നൽകിയവരെ മത്സരത്തിലേക്ക്‌ ക്ഷണിച്ച്‌ വൈജ്‌ഞാനിക രംഗത്തെ വേറിട്ട പോർക്കളം തുറന്നു. കേരളത്തിൽ മൊബൈൽഫോൺ സർവീസ് ആരംഭിച്ചപ്പോൾ ആദ്യമായി സംസാരിച്ച എഴുത്തുകാരൻ തകഴി മുതൽ അടുത്തിടെ വിട്ടുപിരിഞ്ഞ വിഖ്യാത ചലച്ചിത്രകാരൻ ശ്യാം ബനഗലിനെയും ലോകം കണ്ട സ്വേച്ഛാധിപതികൾ ഭയപ്പെട്ട മൃഗം, മയൂരസന്ദേശത്തിലെ വരികളുമടക്കം ഓർത്തെടുത്തായിരുന്നു മത്സരാർഥികൾ പ്രശ്‌നോത്തരിയെ നേരിട്ടത്‌. സങ്കീർണമായ 15 ചോദ്യങ്ങൾ ദൃശ്യ ശ്രവ്യ മാധ്യമ സഹായത്തോടെയാണ്‌ അവതരിപ്പിച്ചത്‌.
കൂടുതൽ ശരിയുത്തരം പറഞ്ഞ ആറ്‌ പേരാണ് ബ്രെയിൻ ബാറ്റിൽ മൽസരത്തിന്റെ ഗ്രാൻഡ്‌  ഫിനാലെയിൽ പങ്കെടുത്തത്. അഞ്ചാംക്ലാസ് വിദ്യാർഥി അഭിനവ് ഷൈൻമുതൽ പൊലീസ് ഉദ്യോഗസ്ഥനായ ശ്യാംവരെയുള്ളവർ കളംനിറഞ്ഞു. വിഷ്‌ണു, അക്ബർ ഷാ, ആർ അദ്വൈത്, കെ അദ്വൈത് എന്നിവർ അഞ്ച്‌ റൗണ്ടിലായി നടന്ന മത്സരത്തിൽ മാറ്റുരച്ചു. വിജയിക്ക് 11,111 രൂപ സമ്മാനമായി നൽകി. പങ്കെടുത്തവർക്ക് 2,001 രൂപയും ഫലകവും നൽകി.ഹരിപ്പാട് നാരകത്തറ മംഗല്യ ഓഡിറ്റോറിയത്തിൽ സിപിഐ എം ജില്ലാ കമ്മിറ്റിയംഗം എ എം ആരിഫ് ഉദ്ഘാടനംചെയ്‌തു. സ്വാഗതസംഘം ചെയർമാൻ ടി കെ ദേവകുമാർ അധ്യക്ഷനായി. വിജയികൾക്ക്‌ എച്ച് സലാം എംഎൽഎ സമ്മാനങ്ങൾ വിതരണംചെയ്‌തു. ജനറൽ കൺവീനർ എം സത്യപാലൻ, ട്രഷറർ സി ശ്രീകുമാർ ഉണ്ണിത്താൻ, കൺവീനർ സി പ്രസാദ് എന്നിവർ പങ്കെടുത്തു. എസ് സുരേഷ്‌കുമാർ സ്വാഗതംപറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top