ചേർത്തല
ചേർത്തല മണ്ഡലത്തിന്റെ കാർഷികപുരോഗതി ലക്ഷ്യമാക്കി മന്ത്രി പി പ്രസാദിന്റെ നേതൃത്വത്തിൽ വിഷൻ 2026ന്റെ ഭാഗമായി സെന്റ് മൈക്കിൾസ് കോളേജ് അങ്കണത്തിൽ സംഘടിപ്പിച്ച കരപ്പുറം കാർഷിക കാഴ്‌ച പ്രദർശന, -വിപണന, വൈജ്ഞാനിക പരിപാടി സമാപിച്ചു. 10 ദിവസത്തെ മേളയിൽ പതിനായിരങ്ങളാണ് പങ്കാളികളായത്. ഒരുകോടിയിയിലധികം രൂപയുടെ കാർഷികോൽപ്പന്നങ്ങൾ, നടീൽവസ്‌തുക്കൾ, കാർഷികോപകരണങ്ങൾ, അനുബന്ധ സാമഗ്രികൾ, ഭക്ഷ്യവസ്‌തുക്കൾ എന്നിവയുടെ വ്യാപാരം നടന്നതായി മന്ത്രി പി പ്രസാദ് പറഞ്ഞു. 120 സ്‌റ്റാളാണുണ്ടായിരുന്നത്.
ബി 2 ബി മീറ്റിൽ 11 ലക്ഷത്തോളം രൂപയുടെ കാർഷികോൽപ്പന്നങ്ങൾക്ക് ഉൽപ്പാദകരും വ്യാപാരികളും ചേർന്ന് ധാരണപത്രത്തിൽ ഒപ്പിട്ടു. നൂതന കാർഷികാശയങ്ങൾ വിദഗ്ധരും കർഷകരും പങ്കുവച്ചു. കാർഷികാവശ്യങ്ങൾക്കുള്ള ഡ്രോൺ ഉൾപ്പെടെയുള്ള ആധുനിക ഉപകരണങ്ങൾ ധാരാളം വിറ്റഴിഞ്ഞു.
സമാപനയോഗം മന്ത്രി പി പ്രസാദ് ഉദ്‌ഘാടനംചെയ്‌തു. ഉൽപ്പന്നങ്ങൾക്ക് വിലനിർണയിക്കാൻ കർഷകർക്ക് സാധിക്കാത്തതാണ് പ്രധാന പ്രശ്‌നമെന്നും ഇത് മറികടക്കാനാണ് മൂല്യവർധിത ഉൽപ്പന്നങ്ങളിലേക്ക് നീങ്ങാൻ പ്രേരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ജി മോഹനൻ അധ്യക്ഷനായി. മുതിർന്ന കർഷകൻ പാപ്പച്ചൻ കൊച്ചുപറമ്പിൽ, കർഷകത്തൊഴിലാളി തോട്ടത്തുശേരി മദനൻ എന്നിവർ മുഖ്യാതിഥികളായി. ജില്ലാ പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് എൻ എസ് ശിവപ്രസാദ്, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് ആർ ജീവൻ, ജില്ലാ കൃഷി ഓഫീസർ സി അനിത, ഒളിമ്പ്യൻ മനോജ്‌ലാൽ, ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ അവാർഡ് ജേത്രി ഡോ. എസ് ജയശ്രീ, ഫാമിങ് കോർപറേഷൻ ചെയർമാൻ കെ ശിവശങ്കരൻനായർ, കെ പി നടരാജൻ, അഭിലാഷ് മാപ്പറമ്പിൽ, സിറിയക് കാവിൽ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..