തകഴി
മടവീഴ്‌ച കാരണമുണ്ടാകുന്ന വ്യാപക കൃഷിനാശത്തിന് അറുതിവരുത്താൻ കൈനകരി കനകാശേരിയിൽ മടവീഴ്ച മേഖലയിൽ ബണ്ട് നിർമാണത്തിന് തുടക്കമായി. ഐഡിആർബി ഡിസൈൻ പ്രകാരം മടവീഴ്ചയെ സ്ഥിരമായി പ്രതിരോധിക്കും വിധത്തിലാണ് നിർമാണം. തോമസ് കെ തോമസ് എംഎൽഎ ഉദ്‌ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എം സി പ്രസാദ് അധ്യക്ഷനായി. ജലവിഭവ വകുപ്പിൽനിന്ന് അനുവദിച്ച 4.58 കോടി രൂപ വിനിയോഗിച്ചാണ് ബണ്ട് നിർമാണം.
2018 മുതൽ തുടർച്ചയായി സംഭവിക്കുന്ന മടവീഴ്ചയെ തുടർന്ന് കനകാശേരിയ്‌ക്കൊപ്പം സമീപ പാടശേഖരങ്ങളായ വലിയകരിയിലും മീനപ്പള്ളിയിലും കൃഷിനാശം സംഭവിക്കുന്നത് പതിവാണ്. മടവീഴ്ച സംഭവിച്ചയിടത്ത് താൽക്കാലിക ബണ്ട് സ്ഥാപിച്ചിട്ടുണ്ട്. മീനപ്പള്ളിയിലും പിന്നീട് വലിയകരിയിലും കൃഷി പുനരാരംഭിച്ചെങ്കിലും താൽക്കാലികമായി മടകുത്തിയെടുത്ത ബണ്ടിന്റെ ബലക്ഷയവും കവിഞ്ഞു കയറ്റവും കർഷകരിലും പ്രദേശവാസികളിലും ആശങ്കയുണ്ടാക്കുന്നു. ഈ സാഹചര്യത്തിലാണ് പുതിയ ബണ്ട് നിർമാണം. ഇതോടെ കനകാശ്ശേരി, വലിയകരി, മീനപ്പള്ളി എന്നിവിടങ്ങളിലായി 500 ഏക്കർ നെൽകൃഷിയാണ് മടവീഴ്ചയെ ഭയക്കാതെ രണ്ടു കൃഷി എടുക്കാൻ സാധിക്കുക. കൈനകരി പഞ്ചായത്തിന്റെയും എംഎൽഎയുടെയും നിരന്തര ഇടപെടലിന്റെ അടിസ്ഥാനത്തിലാണ് ഫണ്ട് അനുവദിച്ചതും നിർമാണവും. വൈസ്‌പ്രസിഡന്റ് പ്രസീത മിനിൽകുമാർ, പഞ്ചായത്തംഗം ലീനാമോൾ, എസ് സുധിമോൻ, പാടശേഖര സമിതി ഭാരവാഹികളായ സുരേഷ്‌കുമാർ, ടി ഷാജി, ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരായ എ എസ് ഷീന, റഫീക്ക ബീവി, വി ബിന്ദു, വിനീത തുടങ്ങിയവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..