മലപ്പുറം
സിപിഐ എം മലപ്പുറം ജില്ലാ കമ്മിറ്റി ഓഫീസ് നിർമാണം ദ്രുതഗതിയിൽ പുരോഗമിക്കുന്നു. 43 വർഷം പഴക്കമുള്ള പഴയ ഓഫീസ് കെട്ടിടം പൊളിച്ചുമാറ്റിയാണ് പുതിയ കെട്ടിടം ഒരുക്കുന്നത്. ഈമാസം അവസാനത്തോടെ കെട്ടിടത്തിന്റെ ഘടന പൂർത്തിയാകും. അടുത്ത ഡിസംബറോടെ നിർമാണം പൂർത്തിയാക്കി കെട്ടിടം ഉദ്‌ഘാടനസജ്ജമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ ജില്ലാ സമ്മേളന തീരുമാനമനുസരിച്ചാണ് പുതിയ കെട്ടിടം നിർമിക്കുന്നത്. ജില്ലയിലെ പാർടി അംഗങ്ങളിൽനിന്ന് സംഭാവനയായി സ്വീകരിച്ച പണം ഉപയോഗിച്ച് കെട്ടിടം നിർമിക്കാനായിരുന്നു തീരുമാനം. അഗ്നിരക്ഷാ സേനയിൽനിന്ന് സാങ്കേതികാനുമതി ലഭിക്കുന്നതിലുണ്ടായ തടസ്സം പ്രവൃത്തി നീളാൻ ഇടയാക്കി. കൂടുതൽ സ്ഥലം ഏറ്റെടുത്തശേഷമാണ് ഫയർ ആൻഡ് സേഫ്‌റ്റി അനുമതി ലഭിച്ചത്. പിഎംകെ കൺസ്‌ട്രക്ഷൻസിനാണ് നിർമാണ കരാർ. മികച്ച സൗകര്യങ്ങളോടുകൂടിയ മൂന്നുനില കെട്ടിടമാണ് ഉയരുന്നത്. 27,000 ചതുരശ്ര അടിയാണ് തറ വിസ്‌തീർണം. ഓഫീസ്, സമ്മേളന ഹാൾ, അതിഥികൾക്കുള്ള മുറി, മീഡിയാ സെന്റർ എന്നിവയുണ്ടാകും. താഴത്തെ നിലയിൽ ഇ എം എസ് പഠനകേന്ദ്രവും ലൈബ്രററിയും പ്രവർത്തിക്കും. ജീവനക്കാർക്കും പാർടി സെന്ററിലെ നേതാക്കൾക്കും താമസിക്കാനുള്ള സൗകര്യവുമുണ്ടാകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..