കൊല്ലം
പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിന് ജില്ലയിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ നടത്തുന്ന ‘കരുതലും കൈത്താങ്ങും' താലൂക്ക് അദാലത്ത് ചൊവ്വാഴ്‌ച തുടങ്ങും. രാവിലെ 10മുതൽ സി കേശവൻ മെമ്മോറിയൽ ടൗൺ ഹാളിൽ കൊല്ലം താലൂക്കുതല അദാലത്ത് നടക്കും. ഇതുവരെ 822 പരാതികളാണ് താലൂക്കിൽ ലഭിച്ചത്. അദാലത്തിനെത്തുവർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കി അന്വേഷണങ്ങൾക്കും പുതിയ പരാതികൾ സ്വീകരിക്കുന്നതിനും കൗണ്ടറുകൾ സജ്ജീകരിക്കും. നേരത്തെ ലഭിച്ച പരാതികളിൽ തയ്യാറാക്കിയ മറുപടികൾ നൽകുന്നതിനു ബന്ധപ്പെട്ട വകുപ്പുകളുടെയും കൗണ്ടറുകൾ ഒരുക്കിയിട്ടുണ്ട്. മന്ത്രിമാരായ കെ എൻ ബാലഗോപാൽ, ജെ ചിഞ്ചുറാണി, കെ ബി ഗണേഷ് കുമാർ തുടങ്ങിയവർ നേതൃത്വം നൽകും. ജില്ലയിലെ എംപിമാർ, എംഎൽഎമാർ, മറ്റു ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. ആവശ്യമെങ്കിൽ പരാതി മന്ത്രിമാർക്ക് നേരിട്ടും നൽകാം. വിവിധ താലൂക്കിലായി 10 വരെയാണ് അദാലത്തുകൾ നടക്കുക. മൂന്നിന് കുന്നത്തൂർ താലൂക്ക് -–-ശാസ്താംകോട്ട ഡിബി കോളേജ്, നാലിന് കൊട്ടാരക്കര -–-മിനി സിവിൽ സ്റ്റേഷൻ, ആറിന് പത്തനാപുരം–-സാഫല്യം ഓഡിറ്റോയം, ഏഴിന് കരുനാഗപ്പള്ളി –-ലോർഡ്സ് പബ്ലിക് സ്‌കൂൾ, 10ന് പുനലൂർ–-കെ കൃഷ്ണപിള്ള കൾച്ചറൽ ഹാൾ ചെമ്മണ്ണൂർ എന്നിവിടങ്ങളിലാണ് അദാലത്ത്. കലക്ടറേറ്റ് കേന്ദ്രമായി ജില്ലാതല അദാലത്ത് മോണിറ്ററിങ് സെൽ, എല്ലാ വകുപ്പിലെയും ജില്ലാ ഓഫീസർ കൺവീനറായി ജില്ലാ അദാലത്ത് സെൽ, ഡെപ്യൂട്ടി കലക്ടർ കൺവീനറായി താലൂക്ക് അദാലത്ത് സെൽ എന്നിവയുടെ ഏകോപനത്തിലാണ് അദാലത്ത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..