കണ്ണൂർ
39ാമത് ദേശീയ സീനിയർ പുരുഷ- –- വനിതാ ഫെൻസിങ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനെത്തിയ ടീമുകൾക്ക് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി. മണിപ്പുർ, അസം, ഗുജറാത്ത്, കർണാടക ടീമുകളാണ് തിങ്കൾ രാവിലെ എത്തിയത്. സംഘാടകസമിതി ചെയർമാൻ കെ വി സുമേഷ് എംഎൽഎ, മേയർ മുസ്ലിഹ് മഠത്തിൽ, ഡെപ്യൂട്ടി മേയർ പി ഇന്ദിര, കേരള ഫെൻസിങ് അസോസിയേഷൻ പ്രസിഡന്റ് ഒ കെ വിനീഷ്, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ കെ പവിത്രൻ എന്നിവർ സ്വീകരിച്ചു.
സ്പോർട്സ് കൗൺസിലിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ചാമ്പ്യൻഷിപ്പിന് ചൊവ്വാഴ്‌ച മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ തുടക്കമാവും. പകൽ 11 ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. രാവിലെ ഒമ്പത് മുതൽ ഏഴുവരെയാണ് മത്സരം. 26 സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും സർവീസ് ടീമിനെയും പ്രതിനിധീകരിച്ച് 700 കായികതാരങ്ങൾ പങ്കെടുക്കും. ഉത്തരാഖണ്ഡിൽ നടക്കുന്ന 38ാമത് ദേശീയ ഗെയിംസിന്റെ സെലക്ഷൻ മത്സരംകൂടിയാണിത്.
സമാപന സമ്മേളനം ജനുവരി മൂന്നിന് വൈകിട്ട് നാലിന് സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനം ചെയ്യും. എംഎൽഎമാരായ സജീവ് ജോസഫ്, എം വിജിൻ, ടി ഐ മധുസൂദനൻ, അഡീഷണൽ ചീഫ് സെക്രട്ടറി എ ജയതിലക് തുടങ്ങിയവർ പങ്കെടുക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..