കൂത്തുപറമ്പ്
കാലാവസ്ഥാ വ്യതിയാനംമൂലം കൃഷി നഷ്ടത്തിലാകുന്ന കാലത്ത് ബദൽ മാർഗം തേടുകയാണ് മാങ്ങാട്ടിടം നീർവേലി തെക്കൻമൂലയിലെ എം ഷീബ. മൂന്നേക്കറിൽ പ്ലാസ്റ്റിക് മൾച്ചിങ്ങിലൂടെ 2500 ടിഷ്യുകൾച്ചർ നേന്ത്രവാഴകളാണ് ഷീബ കൃഷി ചെയ്യുന്നത്. കണിക ജലസേചന പദ്ധതിയിലൂടെ കാർഷിക മേഖലയെ ആധുനികവൽക്കരിക്കുന്നതോടൊപ്പം പരമ്പരാഗത ജലസേചനരീതിയിലൂടെ നഷ്ടമാകുന്ന ജലം സംരക്ഷിക്കുന്നതുമാണ് ഇവരുടെ കൃഷിരീതി. കാർഷികരംഗത്ത് ജലസേചനത്തിന്റെയും വളപ്രയോഗത്തിന്റെയും അധ്വാനത്തെ ലഘൂകരിക്കുകവഴി കൃഷി ലാഭകരമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വഴി പരീക്ഷിച്ചത്. വിഷരഹിത ഉൽപ്പന്നങ്ങൾ വിളയിച്ച് മാങ്ങാട്ടിടം പഞ്ചായത്തിനെ കാർഷിക സ്വയംപര്യാപ്തതയിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ കൃഷിഭവനും പഞ്ചായത്തും നടപ്പാക്കുന്ന കൃഷിസമൃദ്ധി പദ്ധതിയുടെ ഭാഗമായാണ് വ്യത്യസ്‌തമായ കൃഷി.
ഷീബയുടെ ഭർത്താവ് പി അനിൽ, കർഷകനായ സി വിനോദ് എന്നിവരുടെ നേതൃത്വത്തിൽ നീർവേലി തെക്കൻ മൂലയിൽ മൂന്നേക്കറിൽ പച്ചക്കറി കൃഷിയും ഇറക്കിയിട്ടുണ്ട്. കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്, മാങ്ങാട്ടിടം പഞ്ചായത്ത്, കൃഷിഭവൻ എന്നിവയുടെ നേതൃത്വത്തിൽ ഞങ്ങളും കൃഷിയിലേക്ക് രണ്ടാംഘട്ടം പദ്ധതിയുടെ ഭാഗമായി ജൈവ കാർഷിക മിഷൻ ,പോഷക സമൃദ്ധിമിഷൻ, കൃഷി സമൃദ്ധി എസ്റ്റാബ്ലിഷ്മെന്റ് ഓഫ് ന്യൂഫ്രൂട്ട് ക്ലസ്റ്റർ (വാഴ ടി സി വിത്ത് ഇന്റഗ്രേഷൻ) പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വിപുലമായ ടിഷ്യൂ കൾച്ചറൽ വാഴക്കൃഷി. പഞ്ചായത്ത് പ്രസിഡന്റ് പി സി ഗംഗാധരൻ നടീൽ ഉദ്ഘാടനം ചെയ്തു. എം ഷീന അധ്യക്ഷയായി. ബിന്ദു കെ മാത്യു, വിഷ്ണു എസ് നായർ, ഷീന വിനോദ്, എം എൻ പ്രദീപൻ, ഒ ഷിജു, ആർ അനു, കെ വിജേഷ്, ആർ സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..