01 July Tuesday
നീലക്കുയിലിനെ തേടി നിറഞ്ഞ സദസ്സ്‌

ശ്രീധരൻ നായരും നീലിയും വീണ്ടും അരങ്ങിൽ

വെബ് ഡെസ്‌ക്‌Updated: Monday Dec 30, 2024

ടാ​ഗോർ തിയറ്ററിൽ അരങ്ങേറിയ നീലക്കുയിൽ നാടകത്തിൽനിന്ന്

തിരുവനന്തപുരം
70 വർഷങ്ങൾക്കുശേഷം ശ്രീധരൻ നായരും നീലിയും വീണ്ടും അരങ്ങിൽ. ഇത്തവണ അഭ്രപാളിയിലല്ല പകരം തിയട്രോൺ ടുഡേയിലൂടെ ടാഗോർ തിയറ്ററിന്റെ തട്ടിലാണ്. സത്യൻ അനശ്വരമാക്കിയ ശ്രീധരൻ നായരെ ജിതേഷ് ദാമോദറും മിസ് കുമാരിയുടെ നീലിയെ നർത്തകി സിത്താര ബാലകൃഷ്ണനും അരങ്ങിലെത്തിച്ചു. 
അധ്യാപകനും സവർണനുമായ നായകനാൽ ദളിത്പെൺകുട്ടി ഗർഭിണിയാകുകയും അവൾ ഉപേക്ഷിക്കപ്പെടുകയും ചെയ്യുന്നതാണ് നീലക്കുയിലിന്റെ പ്രമേയം. വഴുതക്കാട്‌ ചിന്മയ വിദ്യാലയത്തിലെ മൂന്നാം ക്ലാസുകാരൻ കാശിനാഥാണ്‌ കുട്ടിക്കഥാപാത്രമായ മോഹനെ അവതരിപ്പിക്കുന്നത്‌. വഞ്ചിയൂർ പ്രവീൺകുമാർ, സജന ചന്ദ്രൻ, മൻജിത്ത്, റജുല മോഹൻ, ശ്രീലക്ഷ്മി, ശങ്കരൻകുട്ടി നായർ എന്നിവരും കഥാപാത്രങ്ങളായി അരങ്ങിലെത്തി.
മലയാളിയുടെ മനസിൽ മായാതെ പതിഞ്ഞ‘എല്ലാരും ചൊല്ലണ്', ’കുയിലിനെ തേടി', ’കായലരികത്ത് വലെയറിഞ്ഞപ്പോൾ', മാനെന്നും വിളിക്കില്ല', ‘എങ്ങനെ നീ മറക്കും' എന്നീ ​ഗാനങ്ങൾ ടാ​ഗോർ തിയറ്ററിൽ മുഴങ്ങിയപ്പോൾ സദസ്സ്‌ ഒന്നടങ്കമത് ഏറ്റുപാടി. 1954ൽ ഉറൂബിന്റെ രചനയിൽ പി ഭാസ്‌കരനും രാമു കാര്യാട്ടും ചേർന്നാണ് നീലക്കുയിൽ പുറത്തിറക്കിയത്. 
രാഷ്ട്രപതിയുടെ രജതകമലം സ്വന്തമാക്കിയ ആദ്യ മലയാള സിനിമയുമായി. ചിത്രത്തിന്റെ വാർഷികവും പി ഭാസ്‌കരന്റെ ജന്മശതാബ്ദി വർഷവും ഒരുമിച്ചെത്തിയപ്പോഴാണ് സിനിമയെ നാടകരൂപത്തിലാക്കിയത്. സിനിമാ സംവിധായകൻ സി വി പ്രേംകുമാറാണ് നാടകം സംവിധാനം ചെയ്യുന്നത്. ആർ എസ്‌ മധുവാണ് നാടകരൂപത്തിലാക്കിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top