നെയ്യാറ്റിൻകര
പാറശാല ഷാരോൺരാജ് വധക്കേസിൽ അന്തിമവാദം തിങ്കളാഴ്ച നടക്കും. പൂമ്പള്ളിക്കോണം സ്വദേശിനി ഗ്രീഷ്മ കഷായത്തിൽ വിഷം കലർത്തി സുഹൃത്ത് ഷാരോൺ രാജിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് ജഡ്ജ് എ എം ബഷീർ മുമ്പാകെയാണ് വാദം നടക്കുന്നത്. കേസിൽ ഗ്രീഷ്‌മയുടെ അമ്മ സിന്ധു രണ്ടാം പ്രതിയും അമ്മാവൻ നിർമലകുമാരൻ നായർ മൂന്നാം പ്രതിയുമാണ്.
95 സാക്ഷികളെയും 323 രേഖയും 51 തൊണ്ടിമുതലും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. ഒക്ടോബർ 14ന് ഷാരോൺ രാജിനെ വീട്ടിലെത്തിച്ച് ഗ്രീഷ്മ കഷായത്തിൽ കാപിക്ക് എന്ന വിഷം കലർത്തി നൽകിയാണ് കൊലപ്പെടുത്തിയത്. സാവധാനം മനുഷ്യശരീരത്തിൽ പ്രവർത്തിക്കുന്ന ഈ വിഷത്തിന്റെ പ്രവർത്തനരീതി സംഭവദിവസം രാവിലെ ഇന്റർനെറ്റിൽനിന്ന് മനസ്സിലാക്കിയശേഷമാണ് ഗ്രീഷ്മ ഷാരോണിന് നൽകിയത്. 11 ദിവസത്തിനുശേഷം തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ് ഐസിയുവിൽ ചികിത്സയിൽ കഴിയവേ ഷാരോൺ രാജ് മരിച്ചു. മജിസ്ട്രേട്ടിന് മുമ്പാകെ നൽകിയ മരണമൊഴി, ഡിജിറ്റൽ തെളിവുകൾ, ആശുപത്രിയിലെ ചികിത്സാ രേഖകൾ, ഫോറൻസിക് വിദഗ്ധ ഡോ. ധന്യാ രവീന്ദ്രൻ, ടോക്സിക്കോളജി വിദഗ്ധൻ ഡോ. വി വി പിള്ള എന്നിവരുടെ റിപ്പോർട്ട് എന്നിവയെല്ലാം പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. തിരികെ ബൈക്കിൽ മടങ്ങും വഴി ഗ്രീഷ്മ ചതിച്ചതായി ഷാരോൺ, സുഹൃത്ത് റെജിനോട് പറഞ്ഞതും മരണസമയത്ത് അച്ഛനോട് പറഞ്ഞ മൊഴിയും കേസിൽ നിർണായക തെളിവാണ്. തിരുവനന്തപുരം റൂറൽ എസ്‌പിയായിരുന്ന ഡി ശിൽപ്പയുടെ നേതൃത്വത്തിൽ എസ്‌പി എം കെ സുൽഫിക്കർ, ഡിവൈഎസ്‌പിമാരായ കെ ജെ ജോൺസൺ, വി ടി റാസിത്ത്, പാറശാല ഇൻസ്പെക്ടർ സജി എന്നിവരടങ്ങിയ പ്രത്യേക അന്വേഷക സംഘമാണ് കേസ് അന്വേഷിച്ചത്. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വി എസ് വിനീത് കുമാർ, അഡ്വ. അൽഫാസ് മഠത്തിൽ, അഡ്വ. വി എസ് നവനീത് കുമാർ എന്നിവരാണ് പ്രോസിക്യൂഷനുവേണ്ടി ഹാജരാകുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..