വർക്കല
പരസ്യമദ്യപാനവും ലഹരി ഉപയോഗവും തടയാൻ ശ്രമിച്ച സിപിഐ എം പ്രവർത്തകൻ ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയ സംഘത്തിലെ മറ്റുപ്രതികളും പിടിയിലായി. ഒന്നാംപ്രതി താഴെവെട്ടൂർ ആശാൻമുക്ക് എസ്എസ്എം മദ്രസയ്ക്കുസമീപം നൂറ മൻസിലിൽ ജാസിം (24), രണ്ടാം പ്രതി താഴെവെട്ടൂർ ചിലക്കൂർ മുസ്ലിം പള്ളിക്കുസമീപം തുരപ്പിൻ മുകളിൽ പുതുവൽവീട്ടിൽ ഹായിസ് (25), മൂന്നാം പ്രതി താഴെവെട്ടൂർ ജസീറ മൻസിലിൽ നൂഹ് തൻസിൽ (23), നാലാംപ്രതി താഴെവെട്ടൂർ കനാൽ പുറമ്പോക്ക് കാട്ടുവിളവീട്ടിൽ സെയ്ദാലി (30) എന്നിവരാണ് പിടിയിലായത്. ഒളിവിലായിരുന്ന പ്രതികളെ വഞ്ചിയൂരിൽനിന്ന് ഷാഡോ പൊലീസ് ഉൾപ്പെട്ട പ്രത്യേക അന്വേഷണ സംഘമാണ് പിടികൂടിയത്. അഞ്ചാം പ്രതി താഴെവെട്ടൂർ ഖദീജ മൻസിലിൽ ആഷിർ (38)നെ സംഭവദിവസം പിടികൂടിയിരുന്നു.
ക്രിസ്‌മസിന്റെ തലേദിവസം രാത്രിയാണ് സിപിഐ എം വെട്ടൂർ പെരുമം ബ്രാഞ്ചംഗവും മത്സ്യത്തൊഴിലാളിയുമായ ചരുവിളവീട്ടിൽ ഷാജഹാനെ (65) വെട്ടിക്കൊലപ്പെടുത്തിയത്. വെട്ടൂർ കേന്ദ്രജമാഅത്ത് പള്ളിക്കുസമീപം പരസ്യമദ്യപാനവും ലഹരി ഉപയോഗവും പൊലീസിൽ അറിയിച്ചതിന്റെ വൈരാഗ്യത്തിലായിരുന്നു ആക്രമണം. വർക്കല ഡിവൈഎസ്‌പി ഗോപകുമാറിന്റെ നേതൃത്വത്തിൽ 2 ടീം രൂപീകരിച്ചാണ് അന്വേഷണം നടത്തിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..