ഇരിങ്ങാലക്കുട
ഇരിങ്ങാലക്കുടയുടെ സാംസ്കാരിക ചരിത്രം പ്രതിഫലിക്കുന്ന ചിത്രങ്ങൾ ചേർത്ത് ഒരുക്കിയ വർണക്കുടയിലെ ഫോട്ടോ പ്രദർശനം ശ്രദ്ധേയമായി. ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയാണ് സാംസ്കാരികോത്സവത്തിൽ പ്രദർശനമൊരുക്കിയത്. കൂടൽമാണിക്യം ക്ഷേത്രത്തിലെ ആദ്യകാല ഭരണാധികാരിയായിരുന്ന തച്ചുടയകൈമളിൽ തുടങ്ങി ഉത്സവവും ആറാട്ടും വരെയുള്ള പടങ്ങൾ പ്രദർശനത്തിലുണ്ട്. ജുമാ മസ്ജിദും സെന്റ് തോമസ് കത്തീഡ്രലും ദനഹ തിരുനാളും അമ്പു പ്രദക്ഷിണവും ഉണ്ണായിവാര്യർ സ്മാരക കലാനിലയവും കഥകളിയും കൂടിയാട്ടവും നാടൻ കലകളും ഉൾപ്പടെയുള്ള ഫോട്ടോകൾക്കൊപ്പം കോൾ നിലങ്ങളും അവിടത്തെ തൊഴിലാളികളെയും മനോഹരമായി പകർത്തിയിരിക്കുന്നു. മന്ത്രി ആർ ബിന്ദുവിന്റെ ദമയന്തി വേഷവും പ്രദർശനത്തിൽ കാണാം. ചരക്ക് വഞ്ചികൾ നിറഞ്ഞ ഷൺമുഖം കനാൽ ഉൾനാടൻ ജലഗതാഗതത്തിൽ ഇരിങ്ങാലക്കുടയുടെ പഴയ കാല പ്രതാപം പ്രകടമാക്കുന്നു. ഠാണാവും കച്ചേരി വളപ്പും മറഞ്ഞുപോയ കാലത്തിന്റെ ഓർമകളായി. പ്രകൃതിയിലെ മനോഹര ദൃശ്യങ്ങൾ പകർത്തിയ ഇരുനൂറിലേറെ ഫോട്ടോകളാണ് പ്രദർശനത്തിലുള്ളത്. പ്രദർശനം ഇന്ന് സമാപിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..