ചൊക്ലി
ക്രിസ്‌മസ് അവധി കഴിഞ്ഞ് ചോതാവൂർ സ്‌കൂളിലെത്തുന്ന കുട്ടികളെ വരവേൽക്കാനായി വാർലി ചിത്രങ്ങൾ ഒരുങ്ങി. കോടിയേരി ബാലകൃഷ്ണൻ സ്മാരക ഗവ. കോളേജിലെ എൻഎസ്‌എസ് വിദ്യാർഥികളാണ് അവധിക്കാല സപ്തദിന ക്യാമ്പിനിടെ വ്യത്യസ്‌തങ്ങളായ ചിത്രങ്ങൾ വരച്ചത്. സ്‌കൂൾ സൗന്ദര്യവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ പ്രവർത്തനമാണിത്. മഹാരാഷ്ട്ര, -ഗുജറാത്ത് അതിർത്തി പ്രദേശങ്ങളിലെ ആദിവാസി സമൂഹങ്ങൾ വരയ്ക്കുന്ന പരമ്പരാഗതമായ ചിത്രരചനാരീതിയാണ് വർലി.
ജ്യാമിതീയ രൂപത്തിൽ, പരമ്പരാഗത നാടോടി പൈതൃകത്തിൽ ത്രികോണത്തിലും വൃത്തത്തിലും ചതുരത്തിലുമായി വെള്ള പ്രതലത്തിൽ കറുപ്പ് നിറത്തിലാണ് ചിത്രങ്ങൾ . കോളേജിലെ എൻഎസ്എസ് പ്രോഗ്രാം ഓഫീസറായ പി പ്രജുലയാണ് ചിത്രം തയ്യാറാക്കാൻ നേതൃത്വംനൽകിയത്. ബിസിഎ, ബിഎ, ബികോം വിദ്യാർഥികളായ എ സായന്ത്, എ കെ അനുസ്മിയ, പി എസ് ആര്യനന്ദ, എ ഹൃദ്യ, മുഹമ്മദ് മിഷാൽ, ആർ വിസ്മയ, പി മുഹമ്മദ് നിഹാൽ , പി സഫ് നാസ്, വൈഷ്ണവ്, ഫാത്തിമത്തുൽ സന, ശ്രീഹരി എന്നിവരാണ് മതിലിൽ ചിത്രം വരച്ചത്. നാടക പരിശീലനം, ലഹരി വിരുദ്ധ ബോധവൽക്കരണം, പുതിയ സ്റ്റാർട്ടപ്പുകളെ കുറിച്ചും മാനസികാരോഗ്യത്തെ കുറിച്ചും ക്യാമ്പിൽ ക്ലാസുകൾ നടന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..