ചീമേനി
ഒറ്റവാതിൽ തള്ളിത്തുറന്നപ്പോൾ അവർ കണ്ടത് തങ്ങളും കൂട്ടുകാരും പെൻസിൽ തുമ്പിനാലും സ്‌കെച്ച് പേനയാലും വരച്ച ചിത്രങ്ങൾ ഒരുമിച്ചൊരുമുറിയിൽ നിരനിരനിരയായി പ്രദർശിപ്പിച്ചതായിരുന്നു. ആത്മവിശ്വാസത്തെയും അറിവുകളെയും നാട്ടുകാഴ്‌ചയെയും ഒപ്പംചേർക്കാൻ പഠിപ്പിച്ച വരയുസ്‌കൂളിൽ അവർ വരച്ച പ്രകൃതി ചിത്രങ്ങൾ ഒന്നിച്ചൊന്നായി മുന്നിലെത്തിയപ്പോൾ അവർ സന്തോഷത്താൽ തുള്ളിച്ചാടി.
പ്രകൃതി ചിത്രകാരൻ കയ്യൂർ ഞണ്ടാടിയിലെ വിപിൻ ടി പലോത്തിന്റെ നേതൃത്വത്തിൽ ചീമേനിയിൽ നടക്കുന്ന ‘പ്രകൃതി’ ചിത്രകലാ ക്ലാസിലെ പരിശീലനത്താൽ രൂപപ്പെട്ട ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്.
മരവാതിൽ കൂട്ടമായി തള്ളിത്തുറന്ന് കുഞ്ഞുചിത്രകാരൻമാരും ചിത്രകാരികളും പ്രദർശനം ഉദ്‌ഘാടനം ചെയ്‌തപ്പോഴത് ചീമേനിയിലെ തൊഴിലാളികൾക്കും വേറിട്ട അനുഭവുമായി. വീട്ടിനപ്പുറത്തെ പതിയിലെ പൊട്ടൻ തെയ്യം, ചീമേനി മുണ്ട്യയിലെ വിഷ്ണുമൂർത്തി, മുക്കടപ്പാലം, പാറപ്പരപ്പിലെ ഏമ്പൻ പൂക്കൾ, മുത്തപ്പൻ തെയ്യം , ചൂട്ടേൻ പാറയിലെ കാക്കപ്പൂക്കൾ തുടങ്ങിയ കാഴ്‌ച ഭംഗിയോടൊപ്പം കുഞ്ഞുമനസിലെ ചിന്തകളുമാണ് പ്രദർശനത്തിൽ നിറഞ്ഞത്.
അവ്നി അജേഷ്, അമിജ, വാമിക സുനീഷ്, ആൻവി പ്രകാശ്, പി വി ആദിനാഥ്, എ രേവതി, അവനീഷ്, ആദിഷ്, ആദിത്യൻ, ആദിശ്രീ, ധ്യാൻ സൽജിത്ത്, കെ പി അമേയ , അശ്രുദോഷ്, അനൻജിത്ത്, ലിയോൺ ഷൈജു, നീരവ് ദേവ്, ആര്യനന്ദ, നദി കിഷോർ, ദേവനന്ദ്, ആശ്രിത് കൃഷ്ണ, അനയ് അനീഷ്, അൻഷിക ഉണ്ണികൃഷ്ണൻ, എം എസ് വാമിക എന്നിവരുടെ ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്.
വടക്കേ മലബാറിലെ നിരവധി ക്ഷേത്രങ്ങളിൽ ചുമർചിത്രങ്ങളും ലളിതകലാ അക്കാദമിയുടേതടക്കം നിരവധി ശ്രദ്ദേയ ചിത്രപ്രദർശനങ്ങൾ ഒരുക്കിയ, പ്രശസ്‌ത നോവലുകൾക്കും കഥാസമാഹാരങ്ങൾക്കും കവർ ചിത്രവും വരഞ്ഞ വിപിൻ ചീമേനിയിൽ നടത്തുന്ന ‘പ്രകൃതി’ ചിത്രകലാ ക്ലാസിൽ രൂപപ്പെട്ട ചിത്രങ്ങളാണ് ചീമേനി തളിയിൽ മാണിയമ്മ കോംപ്ലസിൽ നടക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..