പടന്ന
പുഴയോരത്ത് പച്ചപ്പ് വിരിച്ചു വളർന്ന കണ്ടൽ ചെടികൾ വ്യാപകമായി വെട്ടി നശിപ്പിച്ച് പുഴ നികത്തി. പടന്ന പഞ്ചായത്തിൽ തെക്കേക്കാട്–- മാട്ടുമ്മൽ തീരദേശ റോഡിലാണ് കൈയ്യേറ്റം വ്യാപകമായത്. പടന്ന പഴയ കടവ് മുതൽ ബോട്ട് ജെട്ടി വരെ അനധികൃത നിർമ്മാണ പ്രവർത്തികളും തകൃതിയിലാണ്. കണ്ടലുകൾ വ്യാപകമായി വെട്ടിനശിപ്പിച്ചു. തണ്ണീർ തടങ്ങളും തോടുകളുമല്ലാം മണ്ണിട്ട് സ്വകാര്യ വ്യാപാര കേന്ദ്രങ്ങളാക്കി. കെട്ടിടങ്ങൾ പൊളിച്ച കല്ലും മണ്ണും കൊണ്ട് ദിവസങ്ങളായി പുഴ നികത്തുന്നത് പഞ്ചായത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയില്ല.
മത്സ്യത്തൊഴിലാളി യൂണിയൻ (സിഐടിയു) യൂണിറ്റ് പരാതി നൽകിയിട്ടും അധികാരികൾ
നടപടിയെടുത്തിട്ടില്ല. ബണ്ട് റോഡ് മുതൽ വടക്കോട്ട് മാട്ടുമ്മൽ വരെ പുഴയും തോടും നികത്തി നിർമ്മാണ പ്രവർത്തികളുമുണ്ട്. വിനോദ സഞ്ചാരത്തിന്റെ മറവിലാണ് ഈ പകൽകൊള്ള. പുഴയോരത്തെ ഉപ്പട്ടി, കണ്ണാമ്പൊട്ടി, നക്ഷത്രക്കണ്ടൽ, ചുള്ളിക്കണ്ടൽ, പീക്കണ്ടൽ, എഴുത്താണി കണ്ടൽ എന്നിവയാണ് പ്രധാനമായും വെട്ടിമാറ്റിയത്.
കണ്ടൽ വെട്ടിമാറ്റി പുഴ മണ്ണിട്ട് നികത്തിയതിരെ നടപടി സ്വീകരിക്കണമെന്നും സുഖമായ മീൻ പിടുത്തം സാധ്യമാക്കണമെന്നും മത്സ്യതൊഴിലാളി യൂണിയൻ (സിഐടിയു) ചെറുവത്തൂർ ഏരിയാകമ്മിറ്റി ആവശ്യപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..