06 July Sunday

സ്‌ത്രീസുരക്ഷയ‍്ക്കായി ജനാധിപത്യവും 
മതനിരപേക്ഷതയും സംരക്ഷിക്കണം: 
വനിതാ സെമിനാർ

സ്വന്തം ലേഖകൻUpdated: Sunday Dec 29, 2024

സിപിഐ എം ജില്ലാ സമ്മേളനത്തിന് മുന്നോടിയായി ഹരിപ്പാട് സംഘടിപ്പിച്ച വനിതാ സെമിനാർ കേന്ദ്ര കമ്മിറ്റിയംഗം കെ കെ ശെെലജ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു

ഹരിപ്പാട്‌
ജനാധിപത്യവും മതനിരപേക്ഷതയും നിലനിൽക്കുന്ന സമൂഹത്തിൽ മാത്രമേ സ്ത്രീ സുരക്ഷയും സാധ്യമാകൂ എന്ന്‌ വനിതാ സെമിനാർ. ആധുനികത സമൂഹത്തിൽ വലിയ വളർച്ച സൃഷ്ടിച്ചിട്ടും സ്‌ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾക്ക്‌ പരിഹാരം കാണാനാകുന്നില്ലെന്ന്‌ സെമിനാറിൽ സംസാരിച്ചവർ പറഞ്ഞു. ആധുനിക കാലത്തെ പ്രതിസന്ധികളെ മറികടക്കാൻ കൂട്ടായ പരിശ്രമം ആവശ്യമാണെന്നും സെമിനാർ വിലയിരുത്തി.
സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായാണ്‌ ‘ആധുനിക സമൂഹവും സ്‌ത്രീ പ്രശ്‌നങ്ങളും’ എന്ന സെമിനാർ സംഘടിപ്പിച്ചത്‌. മുഖ്യാതിഥിയായി പങ്കെടുത്ത വിപ്ലവഗായിക പി കെ മേദിനിയുടെ ഗാനാലാപനത്തോടെയായിരുന്നു തുടക്കം. 
ചുറ്റുപാടുമുള്ള പ്രശ്‌നങ്ങളിൽ ഇടപെട്ട്‌ പരിഹാരം കാണുന്നതിലൂടെ മാത്രമേ സ്‌ത്രീകൾക്ക്‌ സ്വാതന്ത്ര്യം നേടാനാകൂ എന്ന്‌ സെമിനാർ ഉദ്‌ഘാടനംചെയ്‌ത്‌ സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം കെ കെ ശൈലജ എംഎൽഎ പറഞ്ഞു. ജാതി–-മത ബോധം സ്‌ത്രീകളുടെ സാമൂഹ്യ വളർച്ചയ്‌ക്ക്‌ ഗുണകരമല്ല. അന്ധവിശ്വാസവും മതബോധവും സമൂഹത്തെ പിന്നിലേക്ക്‌ നയിക്കുന്നതാണ്‌. വീട്ടുപാത്രങ്ങൾ പോലെ പെറുക്കിക്കൊടുക്കാവുന്ന ഉപകരണങ്ങളായാണ്‌ മനുവാദികൾ സ്‌ത്രീകളെ കാണുന്നത്‌. ഇതിനെ അംഗീകരിക്കുന്നില്ലെന്ന്‌ ഉറച്ചുപറയാനാകണം. കുടുംബത്തിൽ ജനാധിപത്യപരമായ അന്തരീക്ഷം വളർത്തിയെടുക്കണം. സീരിയലുകൾ സ്‌ത്രീകൾക്കിടയിൽ തെറ്റായ ചിന്ത വളർത്തുകയാണ്‌. ശാസ്‌ത്ര സങ്കേതികവിദ്യ സ്‌ത്രീകളുടെ ജോലിഭാരം ലഘൂകരിച്ചു. എന്നാൽ ഇതിന്റെ ഭാഗമായി വളർന്നുവന്ന സമൂഹമാധ്യമങ്ങളിലടക്കം സ്‌ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിച്ചുവരികയാണെന്നും അവർ പറഞ്ഞു. 
വലിയ പ്രതീക്ഷയോടെ ഉന്നത മേഖലയിലേക്ക്‌ കടന്നുവരുന്ന സ്‌ത്രീകൾ പോലും പിടിച്ചുനിൽക്കാൻ വലിയതോതിൽ പോരാടേണ്ടി വരുന്നതായി മുഖ്യപ്രഭാഷണം നടത്തിയ നടി ഗായത്രി വർഷ പറഞ്ഞു. നിങ്ങൾക്ക്‌ കഴിയും എന്ന ആത്മവിശ്വാസം പകരേണ്ടത്‌ കുടുംബങ്ങളിൽനിന്നാണ്‌. അന്തസായി ജീവിക്കാനുള്ള ഭരണഘടനാപരമായ അവകാശം സംരക്ഷിക്കപ്പെടണം. മനുസ്‌മൃതി അടിസ്ഥാനമാക്കി സംഘപരിവാർ വിഭാവനം ചെയ്യുന്ന ഭരണഘടന സ്‌ത്രീകളെ അടിമത്തത്തിലേക്ക്‌ നയിക്കുമെന്നും അവർ പറഞ്ഞു.
ഹരിപ്പാട്‌ എസ്‌ ആൻഡ്‌ എസ്‌ ഓഡിറ്റോറിയത്തിൽ നടന്ന സെമിനാറിൽ സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം സി എസ്‌ സുജാത അധ്യക്ഷയായി.  ജില്ലാ സെക്രട്ടറിയറ്റംഗം ജി രാജമ്മ, ജില്ലാ കമ്മിറ്റിയംഗം പുഷ്‌പലതാ മധു, ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി പ്രഭാ മധു, സിന്ധു മോഹനൻ, ടി ആർ വത്സല, സിപിഐ എം ജില്ലാ കമ്മിറ്റിയംഗം കെ കെ ഷാജു, സ്വാഗതസംഘം ഭാരവാഹികളായ എം സത്യപാലൻ, ടി കെ ദേവകുമാർ, സി പ്രസാദ്‌, സി ശ്രീകുമാർ ഉണ്ണിത്താൻ എന്നിവർ പങ്കെടുത്തു. രുഗ്‌മിണി രാജു സ്വാഗതവും ഷീബ ഓമനക്കുട്ടൻ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top