14 September Sunday

പൊലീസുകാർക്കും സിനിമയിൽ കാര്യമുണ്ട‌്

റഷീദ‌് ആനപ്പുറംUpdated: Sunday May 5, 2019

തിരുവനന്തപുരം>  പൊലീസുകാർക്കെന്താ ഈ സിനിമയിൽ കാര്യം എന്നൊക്കെ ചോദിക്കാൻ വരട്ടെ; സാക്ഷാൽ പൊലീസ‌്  തന്നെ  സിനിമയൊരുക്കാൻ ഒത്തുചേരുന്നു. സാമൂഹ്യപ്രാധാന്യള്ള ചിത്രങ്ങൾ ഒരുക്കാൻ അഭിനയത്തിലും എഴുത്തിലും സംവിധാനത്തിലും തിളങ്ങിയ ‘കാക്കി ടീമാണ‌്’ സർക്കാരിനുവേണ്ടി ഒത്തുചേരുന്നത‌്.

ഇതിനായി സംസ്ഥാന പൊലീസ‌് മേധാവി ലോക‌്നാഥ‌് ബെഹ‌്റയുടെ  സാന്നിധ്യത്തിൽ പൊലീസ‌് ആസ്ഥാനത്ത‌് ഇവർ ഒത്തുചേർന്നു.
സാമൂഹ്യ പ്രതിബദ്ധതയുള്ള ഹ്രസ്വചിത്രങ്ങളാകും ആദ്യഘട്ടത്തിൽ പൊലീസ‌് ടീം നിർമിക്കുക. ഇതിനായി വിവിധ ഗ്രൂപ്പുകളായി സ‌്ക്രിപ‌്റ്റ‌് തയ്യാറാക്കും.  രാജ്യത്ത‌് ആദ്യമായാണ‌് ഇത്തരമൊരു സിനിമാ ടീം. സിനിമയിലെ പൊലീസല്ല യഥാർഥ പൊലീസെന്ന‌് സമൂഹത്തെ ബോധ്യപ്പെടുത്തുകയാണ‌് പ്രധാന ലക്ഷ്യം.

പൊലീസ‌് ഏറെ മാറിയെങ്കിലും പല സിനിമകളിലും ഇന്നും വില്ലൻ വേഷമാണ‌് പൊലീസിന‌്.
നായകവേഷത്തിലെത്തുന്ന  പൊലീസാണെങ്കിൽ നിയമത്തിനപ്പുറം പ്രവർത്തിക്കുന്ന  അതിമാനുഷരും. യൂണിഫോമിട്ട പൊലീസ‌് ഉദ്യോഗസ്ഥന്റെ നെഞ്ചിൽ നായകൻ ചവിട്ടുന്ന സിനിമയിലെ രംഗം  പരസ്യമായി വന്നത‌് ഈ അടുത്താണ‌്. ഇതിനെതിരെ വൻ വിമർശനമാണ‌്  ഉയർന്നത‌്. അതിനാൽ പൊലീസിന്റെ സാമൂഹ്യ പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങൾ സിനിമയിലൂടെ ജനങ്ങളിൽ എത്തിക്കും.  ഇതോടൊപ്പം വിവിധ വിഷയങ്ങളിൽ

ബോധവൽക്കരണ ചിത്രങ്ങളും ഒരുക്കും. പുതുമുറക്കാരെങ്കിലും ചില്ലറക്കാരല്ല ഒത്തുചേർന്നവർ. ‘ജോസഫി’ന്റെ തിരക്കഥാകൃത്ത‌് ഷാഹി കബീർ, ‘കോലുമിഠായി’യുടെ സംവിധായകൻ അരുൺ വിശ്വം, ‘മക്കന’ സംവിധായകൻ റഹിം ഖാദർ, തിരക്കഥാകൃത്തുക്കളായ പ്രസാദ‌് പാറപ്പുറം, പി എൻ വിനോദ‌്കുമാർ,  ലാലി, ചന്ദ്രകുമാർ, ജിതിൻ മലപ്പുറം, ഫിലിപ്പ‌്, ഹരിനാരായണൻ, ഷാഹുൽ ഹമീദ‌്, ശ്രീകുമാർ, ശരത‌്, സുധീർ, കെ ബി പ്രസാദ‌്, സജിത‌്കുമാർ, ജിതിൻ മോഹൻ  തുടങ്ങിയവർ  യോഗത്തിൽ പങ്കെടുത്തു. പൊലീസ്‌ ആസ്ഥാനത്തെ ഭരണവിഭാഗം ഐ ജി ഐജി പി വിജയനാണ‌് ടീമിന്റെ ചുമതല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top