ആലുവ
കിൻഫ്ര ജലവിതരണപദ്ധതി പൂർത്തിയാക്കി തോട്ടുമുഖം-– -എടയപ്പുറം,- കൊച്ചിൻ ബാങ്ക്–എൻഎഡി റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് സിപിഐ എം ആലുവ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. കാക്കനാട് വ്യവസായമേഖലയ്ക്ക് ആവശ്യമായ വെള്ളം എത്തിക്കാൻ 2013ൽ ഉമ്മൻചാണ്ടി സർക്കാർ രൂപംകൊടുത്ത കിൻഫ്ര ജലവിതരണപദ്ധതി എൽഡിഎഫ് സർക്കാർ നടപ്പാക്കുകയാണ്. തോട്ടുമുഖംമുതൽ കാക്കനാടുവരെ പൈപ്പ്‌ലൈൻ സ്ഥാപിക്കാനുള്ള പ്രവൃത്തി ആരംഭിച്ചു.
എന്നാൽ, കോൺഗ്രസ് എംഎൽഎമാരും എംപിമാരും പ്രവർത്തകരും പദ്ധതി തടസ്സപ്പെടുത്തി. ഇതോടെ ഇതുമായി ബന്ധപ്പെട്ട പ്രവൃത്തികൾ മുടങ്ങി. പൈപ്പ്‌ലൈൻ കടന്നുപോകുന്ന ഈ റോഡിലൂടെ യാത്രയും ദുഷ്‌കരമായി. പദ്ധതി യാഥാർഥ്യമാക്കി കിൻഫ്ര അനുവദിച്ച 11 കോടി രൂപ ഉപയോഗിച്ച് ബിഎംബിസി നിലവാരത്തിൽ റോഡ് ടാർ ചെയ്‌ത് യാത്രാക്ലേശം പരിഹരിക്കണം.
മെട്രോ റെയിൽ കൊച്ചി വിമാനത്താവളംവരെ നീട്ടുക, സീപോർട്ട്-–-എയർപോർട്ട് റോഡ് നിർമാണം പൂർത്തിയാക്കുക, ആലുവ പ്രീമെട്രിക് സെന്ററിലെ പണിപൂർത്തിയായ എസ്‌സി, എസ്ടി ഹോസ്റ്റൽ തുറന്നുകൊടുക്കുക, അശോക ഗ്രൗണ്ട് പൊതു സ്റ്റേഡിയമായി നിലനിർത്തുക, ആലുവ മാർക്കറ്റ് നവീകരണം ഉടൻ പൂർത്തിയാക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.
പൊതുചർച്ചയിൽ 19 പേർ പങ്കെടുത്തു. ജില്ലാ സെക്രട്ടറി സി എൻ മോഹനനും ഏരിയ സെക്രട്ടറി എ പി ഉദയകുമാറും മറുപടി പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി എം ദിനേശ്‌മണി, ഗോപി കോട്ടമുറിക്കൽ, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ പുഷ്പ ദാസ്, എം പി പത്രോസ് എന്നിവർ സംസാരിച്ചു. തമ്പി പോൾ ക്രഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു. എം പി അബു നന്ദി പറഞ്ഞു. തിങ്കൾ വൈകിട്ട് നാലിന് ശ്രീമൂലനഗരം ചിലമ്പിള്ളിക്കയറ്റത്തുനിന്ന് ചുവപ്പുസേനാ മാർച്ചും ബഹുജനറാലിയും ആരംഭിക്കും. എം സി ജോസഫൈൻ നഗറിൽ (മേത്തർ പ്ലാസ ഗ്രൗണ്ട്) നടക്കുന്ന പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം സ്വരാജ് ഉദ്ഘാടനം ചെയ്യും.
എ പി ഉദയകുമാർ
ആലുവ ഏരിയ സെക്രട്ടറി
ആലുവ
സിപിഐ എം ആലുവ ഏരിയ സെക്രട്ടറിയായി എ പി ഉദയകുമാറിനെ തെരഞ്ഞെടുത്തു. 21 അംഗ ഏരിയ കമ്മിറ്റിയെയും 23 ജില്ലാ സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു. ഇ എം സലിം, പി എം സഹീർ, തമ്പി പോൾ, കെ എ ബഷീർ, ഡോ. വി രമാകുമാരി, ടി ആർ അജിത്, പി വി തോമസ്, പി മോഹനൻ, എം എ അജീഷ്, രാജീവ് സക്കറിയ, ടി വി പ്രദീഷ്, കെ എ അലിയാർ, കെ കെ നാസർ, ടി വി രാജൻ, പി ജെ അനിൽ, എം ജെ ടോമി, കെ എ രമേശൻ, വി കെ അനിൽ, അജി ഹക്കീം, എം എ ഷെഫീഖ് എന്നിവരാണ് ഏരിയ കമ്മിറ്റി അംഗങ്ങൾ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..