06 July Sunday

മടങ്ങി വരവിൽ 50 കോടി നേട്ടത്തിൽ നസ്രിയ; ‘സൂക്ഷ്മദർശിനി’ സൂപ്പർ ഹിറ്റിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Wednesday Dec 11, 2024

കൊച്ചി > ജിതിൻ എം സി സംവിധാനം ചെയ്ത ‘സൂക്ഷ്മദർശിനി’യിൽ പ്രിയദർശിനി എന്ന വീട്ടമ്മയായി തന്റെ മടങ്ങി വരവിൽ ഞെട്ടിച്ചിരിക്കുകയാണ് നസ്രിയ. ആ ഞെട്ടലിന് പകരമായി പ്രേക്ഷകരേകിയ സമ്മാനമായി അമ്പത് കോടിയും കടന്ന് ചിത്രത്തിന്‍റെ ബോക്സോഫീസ് കളക്ഷൻ കുതിക്കുകയാണ്. നായികാ കേന്ദ്രീകൃതമായൊരു ചിത്രത്തിന്റെ 50 കോടി നേട്ടം എന്ന നിലയിലും സൂക്ഷ്മദർശിനിയുടെ ഈ വിജയം കൂടുതൽ ശ്രദ്ധേയമാണ്.

രണ്ട് പതിറ്റാണ്ടിന് മുമ്പ് മിനി സ്ക്രീനിലൂടെയാണ് പ്രേക്ഷകർ നസ്രിയയെ കണ്ടുതുടങ്ങിയത്. ബിഗ് സ്ക്രീനിൽ ‘പളുങ്കി’ലെ ഗീതുവിലൂടെ മലയാളികൾക്ക്‌ സുപരിചതയായി. ശേഷം ഒട്ടേറെ സിനിമകളിൽ ബാലതാരമായി, നായികയായി ഏവരുടേയും ഇഷ്ടം നേടിയ താരമായി. ഇപ്പോൾ ‘സൂക്ഷ്മദർശിനി’യിലൂടെ നസ്രിയയുടെ ഇതുവരെ കാണാത്തൊരു മുഖമാണ് പ്രേക്ഷകർ കണ്ടത്‌. കുസൃതിയും കുറുമ്പും കൗതുകവുമൊക്കെ നിറഞ്ഞ വേഷങ്ങളിൽ മുമ്പ് കണ്ട നസ്രിയയേ അല്ലേ ഈ സിനിമയിൽ. മലയാളത്തിൽ നാല്‌ വർഷത്തെ ഇടവേളയ്ക്ക് ശേഷം നസ്രിയ തിരിച്ചെത്തിയപ്പോൾ പ്രിയദർശിനി എന്ന മികച്ചൊരു കഥാപാത്രമായാണ്‌ വരവ്‌, മാത്രമല്ല അമ്മ വേഷത്തിൽ കൂടി തിളങ്ങിയിരിക്കുന്നു താരം. ഒരേ സമയം കൗതുകം ജനിപ്പിക്കുകയും ഉദ്വേഗത്തിന്‍റെ മുൾമുനയിൽ പ്രേക്ഷകരെ നിർത്തുകയും ചെയ്യുന്ന കഥാപാത്രമായി ശ്രദ്ധ നേടിയിരിക്കുന്നു താരം. മലയാളത്തിലെ അടുത്ത ലേഡി സൂപ്പർ സ്റ്റാർ ആയി മാറുമോ നസ്രിയ എന്നൊക്കെയാണ് ഇപ്പോൾ ചർച്ചകള്‍.

ഒരു മിസ്റ്റിക് ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നതെങ്കിലും പോലീസ് ഇൻവെസ്റ്റിഗേഷനും തെളിവെടുപ്പും സൈക്കോ പരിപാടികളുമൊന്നും ഇല്ലാതെ തികച്ചും ഒരു സാധാരണ നാട്ടിൻപുറത്തെ ചിത്രമെന്ന രീതിയിലാണ് സിനിമ നീങ്ങുന്നത്. അതോടൊപ്പം ഒരു വീട്ടമ്മയുടെ കുറ്റാന്വേഷണം കൂടിയാണ് ചിത്രം എന്ന് പറയാം.

നസ്രിയയും ബേസിലും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയിരിക്കുന്ന ചിത്രത്തിൽ ദീപക് പറമ്പോല്‍, സിദ്ധാർത്ഥ് ഭരതൻ, കോട്ടയം രമേശ്, അഖില ഭാർഗവൻ, പൂജ മോഹൻരാജ്, മെറിൻ ഫിലിപ്പ്, മനോഹരി ജോയ്, ഹെസ്സ മെഹക്ക്, ഗോപൻ മങ്ങാട്, ജയ കുറുപ്പ്, റിനി ഉദയകുമാർ, ജെയിംസ്, നൗഷാദ് അലി, അപർണ റാം, സരസ്വതി മേനോൻ, അഭിറാം രാധാകൃഷ്ണൻ തുടങ്ങിയവരും ശ്രദ്ധേയ വേഷങ്ങളിലുണ്ട്. അയൽവാസികളായ പ്രിയദര്‍ശിനി, മാനുവൽ എന്നീ കഥാപാത്രങ്ങളായാണ് ചിത്രത്തിൽ നസ്രിയയും ബേസിലും എത്തിയിരിക്കുന്നത്. അവരുടെ ജീവിതവുമായി ബന്ധപ്പെട്ട് നടക്കുന്ന കൗതുകവും ഉദ്വേഗജനകവും ആകാംക്ഷ ജനിപ്പിക്കുന്നതുമായ ചില സംഭവ വികാസങ്ങളിലൂടെയാണ് ചിത്രം മുന്നോട്ടുപോകുന്നത്.

 ഹാപ്പി ഹവേർസ് എന്‍റർടെയ്ൻമെന്റ്‌സിന്റേയും, എ വി എ പ്രൊഡക്ഷൻസിന്റേയും ബാനറുകളില്‍ സമീർ താഹിർ, ഷൈജു ഖാലിദ്, എ വി അനൂപ് എന്നിവർ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. തിരക്കഥ രചിച്ചിരിക്കുന്നത് ലിബിനും അതുലും ചേർന്നാണ്. ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത് ക്രിസ്റ്റോ സേവ്യറാണ്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: ഇംതിയാസ് കദീർ, സനു താഹിർ, ഛായാഗ്രഹണം: ശരൺ വേലായുധൻ, ചിത്രസംയോജനം: ചമൻ ചാക്കോ, ഗാനരചന: മു.രി, വിനായക് ശശികുമാർ, ഓഡിയോഗ്രാഫി: വിഷ്ണു ഗോവിന്ദ്, കലാസംവിധാനം: വിനോദ് രവീന്ദ്രൻ, മേക്കപ്പ്: ആർ ജി വയനാടൻ, വസ്ത്രാലങ്കാരം: മഷർ ഹംസ, സ്റ്റിൽസ്: രോഹിത് കൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ: പ്രതീഷ് മാവേലിക്കര, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്: നസീർ കാരന്തൂർ, പോസ്റ്റർ ഡിസൈൻ: സര്‍ക്കാസനം, യെല്ലോ ടൂത്ത്സ്, ചീഫ് അസോസിയേറ്റ്: രോഹിത് ചന്ദ്രശേഖർ, ഫിനാൻസ് കൺട്രോളർ: ഷൗക്കത്ത് കല്ലൂസ്, സംഘട്ടനം: പിസി സ്റ്റണ്ട്സ്, വിഎഫ്എക്സ്: ബ്ലാക്ക് മരിയ, കളറിസ്റ്റ്: ശ്രീക് വാര്യര്‍, വിതരണം: ഭാവന റിലീസ്, പ്രൊമോ സ്റ്റിൽസ്: വിഷ്ണു തണ്ടാശ്ശേരി, പിആർഒ: ആതിര ദിൽജിത്ത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top