12 July Saturday

പല പല ഉത്തരങ്ങളുടെ കേരളം

വിനോദ്‌ പായംUpdated: Tuesday Dec 31, 2024

 

മത്സരപ്പരീക്ഷകളുടെയും കാലമാണല്ലോ ഇത്‌. ചില ചോദ്യങ്ങളിതാ: ഇന്ത്യയിൽ ഏറ്റവും കൂടുതൽ പഞ്ചനക്ഷത്ര ഹോട്ടലുകളുള്ള സംസ്ഥാനമേതാണ്‌.
ഉത്തരം കേരളം എന്നായിരിക്കും; പക്ഷേ, അത്‌ കാശുകാരുടെയും അതിസമ്പന്നരുടെയും മാത്രം കാര്യമല്ലേ എന്റിഷ്ടാ. അതൊക്കെ വച്ച്‌ കേരളത്തെ അളക്കാനാകുമോ...

ശരി, എന്നാൽ അടുത്ത ചോദ്യമിതാ. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർക്ക്‌ (64 ലക്ഷം) ഉയർന്ന ക്ഷേമപെൻഷൻ നൽകുന്ന സംസ്ഥാനമേതാണ്‌.
അതും കേരളമാണോ. ക്ഷേമപെൻഷനൊക്കെ പണ്ടേയുള്ളതല്ലെ, അതൊക്കെ നവകേരളത്തിന്റെമാത്രം പ്രത്യേകതയായി പറയാമോ.
ശരി; എട്ടുവർഷം മുമ്പ്‌ എത്രയായിരുന്നു ക്ഷേമ പെൻഷൻ.

അറുന്നൂറ്‌
ഓകെ; അന്നെത്രയായിരുന്നു കുടിശ്ശിക. 18 മാസം!

അതായത്‌, 18 മാസത്തെ കുടിശ്ശിക പെൻഷൻ കൊടുത്തുതീർത്ത്‌, മാസം 1600 രൂപ വീതം സാർവത്രികമായി പെൻഷൻ കൊടുത്തുകൊണ്ടിരിക്കുന്ന സംസ്ഥാനമാണ്‌ കേരളം!

ഇപ്പോഴാണ്‌ ഉത്തരം കറക്ടായത്‌. അതായത്‌, 1600 രൂപ പെൻഷൻ വാങ്ങുന്ന ലക്ഷ്‌മിക്കുട്ടി വല്യമ്മയുടെ കണ്ണിൽ തുടങ്ങുന്നു നവകേരളമെന്ന ഉത്തരത്തിന്റെ പഞ്ചനക്ഷത്രത്തിളക്കം. അത്‌, നവകേരളത്തിൽമാത്രം സാധ്യമായ ഒന്നാണ്‌. ആ നക്ഷത്രത്തിളക്കം 25 ശതമാനം ചെലവ്‌, സംസ്ഥാനവുംകൂടി പങ്കിടുന്ന ദേശീയപാത വികസനത്തിലുണ്ട്‌, ആ തിളക്കം ഗെയിലിൽ കണക്‌ഷനിട്ട്‌ വീട്ടിൽ കത്തിക്കുന്ന ഗ്യാസ്‌ വെളിച്ചത്തിലുണ്ട്‌, ആ തിളക്കം ഇടമൺ കൊച്ചി പവർ ഹൈവേയിലുണ്ട്‌; ആ തിളക്കം എന്തായാലും അഞ്ചുലക്ഷത്തിനടുത്ത്‌ ലൈഫ്‌ വീടുകളിലുണ്ട്‌. അരലക്ഷം സ്‌മാർട്ട്‌ ക്ലാസ്‌ മുറികളിലും പുതിയ പുതിയ ആശുപത്രികളിലും 100 പുതിയ റെയിൽവേ മേൽപ്പാലത്തിലും 95 ശതമാനം നിർമാണം പൂർത്തിയായ മലയോര ഹൈവേയിലും 75 ശതമാനം നിർമാണം കഴിഞ്ഞ തീരദേശ പാതയിലും 65 ശതമാനംവരെ എത്തിനിൽക്കുന്ന ബേക്കൽ –-കോവളം ജലപാതയിലും തീർച്ചയായും ഉണ്ട്‌.

നവകേരളത്തെക്കുറിച്ച്‌ നമ്മുടെ മാധ്യമങ്ങൾ പൊതുവെ അങ്ങനെ പറഞ്ഞുകേട്ടിട്ടില്ലാത്ത ഇത്തരം മാറ്റം, വെറുതെ സംഭവിച്ച ഒന്നല്ല. ഒരുകാറ്റടിച്ചപ്പോൾ വെറുതെയങ്ങനെ മാറിയതല്ല; മാറ്റിയതാണ്‌. ബോധപൂർവം ഒരു സർക്കാർ ഇടപെട്ട്‌ മാറ്റിച്ചതാണ്‌.

ഏതായിരുന്നു കേരളം... 10 വർഷം മുമ്പുവരെ ചിന്തനീയമല്ലാത്ത പലതരം കെട്ട കാലങ്ങളിലൂടെ തിരയടിച്ച്‌ മല്ലിട്ട്‌ ഉയർന്നുവന്ന കേരളം. ചിലർ പരിഹാസ്യമായി പറയുന്ന ‘ഖേരളം’; ഓഖിയിൽ പറന്ന്‌, രണ്ടുപ്രളയത്തിൽ മുങ്ങി, കോവിഡിൽ വിറങ്ങലിച്ച്‌, പലതരം മണ്ണിടിച്ചിലിൽ നിരങ്ങി, ജീവനും ചുരുട്ടിപ്പിടിച്ച്‌ കര കയറിയതാണ്‌. ഒരു ഭരണാധികാരിയുടെ വാക്കിനായി, നാട്ടുകാർ അത്രമേൽ ശ്വാസമടക്കി പിടിച്ചു നിന്ന കാലം കേരളത്തിൽ മുമ്പില്ല. (കൃത്യമായി ഓർക്കാം: പ്രളയം, കോവിഡ്‌ കാലത്തെ മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനങ്ങൾ). ‘ഈ കപ്പലിനൊരു കപ്പിത്താനുണ്ട്‌, അങ്ങനെയൊന്നും ആടിയുലയില്ല’ എന്ന വാക്കുകൾ കേരളത്തിന്റെ ഭാവികാലപ്രപഞ്ചത്തിലേക്കാണ്‌ പരാവർത്തനം ചെയ്യുന്നത്‌; ചെയ്‌തുകൊണ്ടിരിക്കുന്നത്‌.

ഇന്ത്യയിലെതന്നെ ആദ്യത്തെ ഡിജിറ്റൽ സർവകലാശാല, ആദ്യ വാട്ടർ മെട്രോ, കെ ഫോൺ, ഏറ്റെടുത്ത എച്ച്‌എൻഎൽ, ചെല്ലാനത്തെ കടൽഭിത്തി, എറണാകുളം ജനറൽ ആശുപത്രി അർബുദ വാർഡ്‌, 7200 കുട്ടികളുടെ സൗജന്യ ഹൃദയ ശസ്ത്രക്രിയ, മനുഷ്യജീവനെ കാത്ത പാതയിലെ എഐ കാമറകൾ, വിഴിഞ്ഞം തുറമുഖം, കൊച്ചി ബംഗളൂരു വ്യവസായ ഇടനാഴി... ചോദിക്കുന്ന ചോദ്യങ്ങൾക്കായി 2025ലേക്ക്‌ പലതരം ഉത്തരങ്ങൾ, കേരളം കടത്തിക്കൊണ്ടുപോകുന്നു.

എത്രയെത്ര അംഗീകാരങ്ങളുടെ ഷീൽഡുമായാണ്‌ കേരളം ഇക്കാലം താണ്ടുന്നത്‌. സംരംഭങ്ങൾ അധികൃതർ മുടക്കുന്ന കഥയാണ്‌ വരവേൽപ്പ്‌, വെള്ളാനകളുടെ നാട്‌ തുടങ്ങിയ സിനിമകൾ പറഞ്ഞത്‌. പുതിയ കാലത്ത്‌ അങ്ങനെയൊരു സിനിമ സാധ്യമേയല്ല! ഈസ്‌ ഓഫ്‌ ഡൂയിങ്ങിൽ, ഗുജറാത്തിനെയും പിന്നിലാക്കിയാണ്‌ വ്യവസായ നവകേരളം നിവർന്നുനിൽക്കുന്നത്‌. സദ്‌ഭരണ മികവിൽ (പബ്ലിക്‌ അഫയേഴ്‌സ്‌ ഇൻഡക്‌സ്‌), മികച്ച ചികിത്സയിൽ (കേന്ദ്ര സർക്കാരിന്റെ ആരോഗ്യ മന്ഥൻ 2023), ആതിഥ്യ മര്യാദയിൽ (ഇന്റർനാഷണൽ സെന്റർ ഫോർ റെസ്‌പോൺസിബിൾ ടൂറിസം), ക്ലാസ്‌ മുറിയിൽ (കേന്ദ്രസർക്കാരിന്റെ പെർഫോമൻസ് ഗ്രേഡിങ് ഇൻഡക്സ്‌), ക്രമസമാധാന ജീവിതത്തിൽ (ഇന്ത്യാടുഡെ), അഴിമതി കുറഞ്ഞതിൽ (സെന്റർ ഫോർ മീഡിയ സ്റ്റഡീസ്), അതിദരിദ്രർ ഏറ്റവും കുറഞ്ഞതിൽ (എംപിഐ–- നിതി ആയോഗ്‌), കേരളമെന്ന ഉത്തരം, ഉത്തരോത്തരം 2025ലേക്ക്‌ നടന്നടുക്കുന്നു.

വാക്കുകളിൽ, പെരുമാറ്റങ്ങളിൽ, ജീവിത രീതികളിൽ, ആസ്വാദനങ്ങളിൽ, മികച്ചൊരു ഭക്ഷണത്തിൽപ്പോലും ‘ഖേരളമൊഴിച്ചുള്ളവർക്ക്‌’ കേരളം തേജസ്സാർന്ന ഇടംതന്നെയാണ്‌. അങ്ങനെയെങ്കിൽ, നവകേരളം ശബ്ദതാരാവലിക്ക്‌ നൽകിയ ഏറ്റവും മികച്ച വാക്കേതെന്ന ചോദ്യംകൂടി ചോദിച്ച്‌ ഈ കുറിപ്പ്‌ 2025ന്റെ കടവിലേക്ക്‌ അടുപ്പിക്കാം.

അതിന്റെ ഉത്തരം ഇതാണ്‌: ‘അതിഥിത്തൊഴിലാളി’. ഈ വാക്ക്‌ ഉച്ചരിക്കുമ്പോൾ വൈലോപ്പിള്ളിയുടെ അസം പണിക്കാരെ ഓർക്കണം; ‘കുടവയറിന്നു കുളുർചോർ പാടുപെടുന്ന വായകൾക്കുഴക്കരിക്കഞ്ഞി’ എന്ന വരികളോർക്കണം. അതിൽനിന്ന്‌ മാറ്റിമാറ്റിപ്പണിഞ്ഞാണ്‌ നവകേരളത്തിലെ അതിഥിത്തൊഴിലാളിയിലേക്കെത്തിയത്‌.
കേരളത്തിന്റെ എക്കാലത്തെയും വലിയ നഷ്ടത്തിലൊന്ന്‌ ഈ ഡിസംബറിലുണ്ടായല്ലോ. എം ടിയെന്ന മഹാമനീഷി നവതിക്കാലത്ത്‌ പറഞ്ഞതിൽത്തന്നെ നിർത്താം: ‘‘ഇന്ത്യൻ അവസ്ഥയെക്കുറിച്ച്‌ ഭയമുണ്ട്‌. എന്നാൽ, കേരളം മനുഷ്യർ പാർക്കുന്ന ഇടമായി തുടരുമെന്ന പ്രതീക്ഷയുമുണ്ട്‌’’.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top