12 July Saturday

ഉലകിനെ ജയിച്ച്‌ ഉയർന്ന്‌ - എൻ എസ്‌ മാധവൻ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Dec 31, 2024

 

സംഭവബഹുലമായ ഒരുവർഷമാണ്‌ യാത്രപറയുന്നത്‌. 2024ലേക്ക്‌ തിരിഞ്ഞു നോക്കുമ്പോൾ കേരളത്തിന്റെ സാമൂഹ്യ, രാഷ്‌ട്രീയ, സാംസ്‌കാരിക മണ്ഡലങ്ങളിൽ ചൂടേറിയ ചർച്ചകൾക്കും വിവാദങ്ങൾക്കും തിരികൊളുത്തിയ ഒട്ടേറെ കാര്യങ്ങൾ ഉയർന്നുവന്നു. അതിൽ കേവല വിവാദങ്ങൾക്കപ്പുറം ഗൗരവമായ പുനരാലോചനകൾക്കും ഓർമപ്പെടുത്തലുകൾക്കും മുന്നറിയിപ്പുകൾക്കും പ്രേരിപ്പിച്ച കാര്യങ്ങളും നിരവധിയാണ്‌.    

2024ൽ കേരളത്തെ പിടിച്ചു കുലുക്കിയ പ്രധാന സംഭവം ജൂലൈയിൽ വയനാട് ജില്ലയിലെ ചില ഗ്രാമങ്ങളിലുണ്ടായ ഉരുൾപൊട്ടൽതന്നെയാണ്‌. കേരളത്തിൽ അതിലോലമായ പരിസ്ഥിതിയാണ്‌ നിലനിൽക്കുന്നത്‌ എന്നതാണ്‌ ആ സംഭവം നമ്മെ ഓർമിപ്പിക്കുന്നത്‌. പരിസ്ഥിതിയെ പരിരക്ഷിച്ചുകൊണ്ടു മാത്രമേ നമുക്ക്‌ മുന്നോട്ട്‌ പോകാനാകൂ എന്ന്‌ പ്രകൃതി ഒരിക്കൽക്കൂടി മുന്നറിയിപ്പ്‌ നൽകിയിരിക്കുകയാണ്‌. ഇരുനൂറിലേറെപ്പേർ മരിച്ച വയനാട്‌ ദുരന്തത്തിനുശേഷം നടന്ന പുനരധിവാസ ശ്രമങ്ങളിൽ കേന്ദ്ര സർക്കാർ സ്വീകരിച്ച നിലപാടും ദുരന്തത്തിന്‌ ഇരയായവരുടെ പുനരധിവാസ പദ്ധതികൾക്ക്‌ വേഗം കൈവരിക്കാത്തതിലുള്ള മറ്റു കാരണങ്ങളും ഇന്ത്യ എന്ന ഫെഡറൽ ആശയത്തെതന്നെ പിടിച്ചുലയ്‌ക്കുന്ന ഒന്നാണ്‌.  ഇത്തരം കാര്യങ്ങളിൽ രാഷ്‌ട്രീയം മാറ്റിവച്ച്‌ അവിടെ ദുരന്തത്തിനിരയായവരെ പുനരധിവസിപ്പിക്കാനും അതുമായി ബന്ധപ്പെട്ട മറ്റു ദൗത്യങ്ങൾ പരാതിക്കിട നൽകാതെ ഏറ്റെടുക്കാനുമുള്ള സമയമായി. വയനാട്‌ വലിയൊരു മുന്നറിയിപ്പാണ്‌ നമുക്ക്‌ നൽകിയിട്ടുള്ളത്‌. കഴിഞ്ഞ ഒരു പതിറ്റാണ്ടായി പലതവണ പ്രകൃതി നമ്മളെ തൊട്ടുണർത്തി അത്ര സുഖകരമല്ലാത്ത കാര്യങ്ങൾ പറയുന്നു.

രണ്ടാമതായി പറയാനുള്ളത്‌, കേരളത്തിന്റെ സാമൂഹ്യ വ്യവസ്ഥിതിയെത്തന്നെ പിടിച്ചുകുലുക്കുന്ന രീതിയിൽ ഏതാണ്ട്‌ മുഴുവനായിത്തന്നെ പുറത്തുവന്ന ഹേമ കമ്മിറ്റി റിപ്പോർട്ടിനെപ്പറ്റിയാണ്‌. നമ്മളെപ്പോലൊരു പരിഷ്‌കൃത സമൂഹത്തിലെ തൊഴിലിടങ്ങളിൽ ഇതുവരെ  സ്‌ത്രീസുരക്ഷ  ഉറപ്പാക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ്‌ ഹേമ കമ്മിറ്റി റിപ്പോർട്ട്‌ ഓർമിപ്പിക്കുന്നത്‌. റിപ്പോർട്ട്‌ പുറത്തുവന്നശേഷമുള്ള തുടർ നടപടികൾ ആദ്യമൊക്കെ ശക്തമായി മുന്നോട്ടുപോയെങ്കിലും പിന്നീട്‌ അതിനൊരു തളർച്ച അനുഭവപ്പെടുന്നുണ്ട്‌. തൊഴിലിടങ്ങളിൽ സ്‌ത്രീകൾ സുരക്ഷിതരല്ലെന്ന റിപ്പോർട്ട്‌ സിനിമാ മേഖലയിൽനിന്നുള്ളതായിരുന്നതിനാൽ ഹേമ കമ്മിറ്റി റിപ്പോർട്ട്‌ വലിയതോതിൽ ജനശ്രദ്ധ നേടി. എന്നാൽ, ഇതൊക്കെ സിനിമാ മേഖലയിൽ നടക്കുന്നു എന്നതിൽ വലിയ അതിശയമില്ല. കാരണം, പോയ രണ്ട്‌ ദശാബ്‌ദത്തിലേറെയായി വിഷമയമായ ആണത്തത്തെ പ്രമേയമാക്കിയുള്ള വളരെയധികം മലയാള സിനിമകളാണ്‌ ഇവിടെ  ഉണ്ടായിട്ടുള്ളത്‌. സിനിമാ മേഖലയിൽ നടന്നുകൊണ്ടിരിക്കുന്ന കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതുപോലെതന്നെ ഹേമ കമ്മിറ്റി ശുപാർശ ചെയ്‌തതുപോലെ, ഈ തൊഴിലിടങ്ങളിൽ സ്‌ത്രീകൾക്ക്‌ സുരക്ഷ ഉറപ്പാക്കാനാവശ്യമായ നിയമനിർമാണവും അനിവാര്യമാണ്‌. 


 

ഈ വർഷം അവസാനിക്കാറാകുമ്പോൾ വളരെയധികം ദാരുണമായ റോഡപകടങ്ങളുടെ വാർത്തകളാണ്‌ വന്നുകൊണ്ടിരിക്കുന്നത്‌. അത്തരം അപകടങ്ങളിൽ  ഒരുപാട്‌ ചെറുപ്പക്കാരുടെ ജീവനുകൾ പൊലിഞ്ഞു. ഇത്തരം സംഭവങ്ങൾ, കേരളം വരുംകാലത്ത്‌ ഏറ്റവും കൂടുതൽ ഊന്നൽ നൽകേണ്ടത്‌ പൊതു ഗതാഗത സംവിധാനങ്ങളുടെ വികസനത്തിലാണെന്ന കാര്യം ഓർമപ്പെടുത്തുന്നു. ദേശീയപാത 66ന്റെ നിർമാണ ജോലികൾ വളരെ വേഗത്തിൽ പുരോഗമിക്കുന്നുണ്ട്‌ എന്നാണ്‌ അറിയുന്നത്‌. ഒരുപക്ഷേ, 2025 അവസാനത്തോടെ നിർമാണം പൂർത്തിയാകുന്ന ഈ പാതയിലൂടെ സുഗമമായി സഞ്ചരിക്കാനാകുമെന്ന്‌ ആശിക്കുന്നു. വളരെ വേഗത്തിൽ സഞ്ചരിക്കാനാകുന്ന റോഡുകൾ നമുക്ക്‌ ഇല്ലെന്നത്‌ നാടിന്റെ വികസനത്തെ വളരെയധികം പ്രതികൂലമായി  ബാധിക്കുന്ന കാര്യമാണ്‌.

കേന്ദ്ര സർക്കാരിന്റെ വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ റാങ്കിങ് പ്രകാരം ഇന്ത്യയിൽ "ഈസ്‌ ഓഫ്‌ ഡൂയിങ്‌ ബിസിനസ്‌' സൂചികയിൽ കേരളത്തിന്‌ ഒന്നാംസ്ഥാനം ലഭിക്കുന്നതിലൂടെ സംസ്ഥാനത്തെ വ്യവസായ സൗഹൃദമാക്കുന്നതിൽ ഏറ്റവും മികച്ച നേട്ടമുണ്ടാക്കിയ വർഷമാണ്‌ കടന്നുപോകുന്നത്‌ എന്നതാണ്‌ മറ്റൊരു കാര്യം. വളരെയധികം സ്‌റ്റാർട്ടപ് സംരംഭങ്ങൾ ഇക്കാലത്തിനിടെ കേരളത്തിൽ പ്രവർത്തനമാരംഭിച്ചതായാണ്‌ അറിയാൻ കഴിയുന്നത്‌. കേരളത്തെപ്പോലെ അതിലോലമായ പരിസ്ഥിതിയുള്ള നാടിന്‌ ഇണങ്ങുന്ന വികസന മാതൃക ഇതുതന്നെയാണ്‌. വരുംകാലങ്ങളിൽ ഈ മേഖലയിൽ കേരളത്തിന്‌ വലിയ മുന്നേറ്റം ഉണ്ടാക്കാനാകുമെന്നു തന്നെയാണ്‌ പ്രതീക്ഷ.


 

കായികമേഖലയിൽ ആകർഷകമായി തോന്നിയ ഒരു കാര്യം, ഈ വർഷത്തെ സംസ്ഥാന സ്‌കൂൾ കായികമേളയുടെ നടത്തിപ്പാണ്‌. ഒളിമ്പിക്‌സ്‌ മാതൃകയിലായിരുന്നു കൊച്ചിയിൽ സംഘടിപ്പിച്ച സംസ്ഥാന സ്‌കൂൾ കായികമേളയുടെ നടത്തിപ്പ്‌. ഒരുകാലത്ത്‌ കായികരംഗത്ത്‌ കേരളത്തിന്‌ വളരെ മികച്ച സ്ഥാനമാണുണ്ടായിരുന്നത്‌. ഇന്നത്‌ ഹരിയാനപോലുള്ള സംസ്ഥാനങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്‌. നമ്മുടെ പോയ കാലപ്രതാപം വീണ്ടെടുക്കാൻ, സ്‌കൂൾ തലത്തിൽത്തന്നെ സ്‌പോർട്‌സിനെ ശ്രദ്ധിക്കുന്നുണ്ട്‌ എന്നത്‌ ആഹ്ലാദം പകരുന്ന കാര്യമാണ്‌.

സാഹിത്യരംഗത്ത്‌ എന്നെ ആകർഷിച്ച കാര്യം സഹറു നുസൈബ കണ്ണനാരി എന്ന മലപ്പുറം അരീക്കോടുകാരൻ ഇംഗ്ലീഷിൽ എഴുതിയ ‘ക്രോണിക്കിൾ ഓഫ്‌ ആൻ അവർ ആൻഡ്‌ എ ഹാഫി’ന്‌ ക്രേസ്‌ വേർഡ്‌ അവാർഡ്‌ ഉൾപ്പെടെ അംഗീകാരം ലഭിച്ചതാണ്‌. അദ്ദേഹം ഈ നോവൽ മാതൃഭാഷയായ മലയാളത്തിലല്ല, മറിച്ച്‌ ഇംഗ്ലീഷിലാണ്‌ എഴുതിയത്‌ എന്നുള്ളത്‌ ഭാവിയിലേക്കുള്ള ഒരു സൂചകമാണ്‌. വളരെയധികം വിദ്യാർഥികൾ ഇന്ത്യക്ക്‌ പുറത്ത്‌ പഠിക്കാൻ പോകുന്ന ഈ കാലത്ത്‌ ഭാവിയിൽ സർഗാത്മത്വരയുള്ള മലയാളികൾ ഇംഗ്ലീഷിന്‌ പുറമേ ജർമൻ, ഫ്രഞ്ച്‌ തുടങ്ങിയ വിദേശഭാഷകളിലും രചന നടത്തുമായിരിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top