മലയാളത്തിന്റെ സ്വന്തം വാനമ്പാടി
'ഞാനെന്നു കാണുമെൻ മണികണ്ഠസ്വാമിയെ' എന്ന അയ്യപ്പ ഭക്തിഗാനം ആലപിച്ച് വർഷങ്ങൾക്കുശേഷമാണ് മലയാളത്തിന്റെ വാനമ്പാടി ശബരിമലയിലെത്തുന്നത്. സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ ഹരിവരാസനം പുരസ്‌കാരം ഏറ്റുവാങ്ങാൻ. പുരസ്‌കാരലബ്‌ധി തന്റെ കന്നിമല കയറ്റത്തിന് വഴിയൊരുക്കിയതിന്റെ ആഹ്ലാദമായിരുന്നു ചിത്രക്ക് മനസുനിറയെ. ഇന്ത്യൻ സംഗീതലോകത്തെ പ്രതിഭാധനർക്ക് ലഭിച്ച പുരസ്‌കാരത്തിന് തന്നെ തെരഞ്ഞെടുത്തതിൽ ചിത്ര സംസ്ഥാന സർക്കാരിന് പ്രത്യേകം നന്ദി അറിയിച്ചു. കന്നിമലകയറ്റം തിരുവനന്തപുരം തൈക്കാട് ധർമശാസ്‌താ ക്ഷേത്രത്തിൽ നിന്ന് കെട്ടുമുറുക്കിയാണ് ശബരിമല കന്നിയാത്രയ്ക്കിറങ്ങിയത്. ഭർത്താവും സഹോദരങ്ങൾക്കുമൊപ്പം. ഹരിവരാസനം പുരസ്‌കാരം സ്വീകരിക്കാൻ ചിത്ര എത്തുമെന്ന വിവരം മുൻകൂട്ടി അറിഞ്ഞതുകൊണ്ടുതന്നെ തീർഥാടകരും ആരാധകരും കാത്തുനിന്നു. മകരവിളക്കിന്റെ തിരക്ക് കൂടിയായ സാഹചര്യത്തിൽ പമ്പയിൽനിന്ന് മല ചവിട്ടുന്നത് പ്രായോഗികമാകില്ലെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. ഇരുമുടിയും തലയിലേന്തി കന്നി മാളികപ്പുറമായി ശരണപാത താണ്ടണമെന്നായിരുന്നു ആഗ്രഹം. എന്നാൽ, സുരക്ഷാ പ്രശ്‌നങ്ങളും അനിയന്ത്രിതമായ തിരക്കും കാരണം നടന്ന് മല കയറുന്നത് ഒഴിവാക്കണമെന്ന പൊലീസ് നിർദേശം പാലിച്ചു. അതുകൊണ്ടുതന്നെ പമ്പയിൽനിന്ന് ഡോളിയിലായി യാത്ര. ഡോളിയിൽ വരേണ്ടിവന്നതിൽ കുറ്റബോധമുണ്ടെന്ന് ചിത്ര തുറന്നുപറഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദേശം പാലിക്കുകയായിരുന്നു. ഇനി മാസപൂജാസമയത്ത് മല ചവിട്ടി സന്നിധാനത്തെത്തും അവർ പറഞ്ഞു. ശബരിമല ചിട്ട തെറ്റിക്കാതെ മലയിലെത്താൻ കഴിഞ്ഞതിന്റെ ആഹ്ലാദമുണ്ട്. വല്ലാത്ത ഊർജം നിറയ്ക്കുന്ന ഒരു യാത്രയാണിത്. പ്രായമായവരും കൊച്ചുകുട്ടികളുമെല്ലാം ഒരുപോലെ കഠിനമായ മല ചവിട്ടി സന്നിധാനത്തെത്തുന്നു. എങ്ങും കർപ്പൂരഗന്ധം, എവിടെയും കേൾക്കുന്നത് ശരണംവിളി. ലോകമെമ്പാടുമുള്ള തീർഥാടകർ ഒരേ മനസോടെയും പ്രാർഥനയോടെയും എത്തുന്ന ഇടം. മതമില്ല, ജാതിയില്ല, മതമൈത്രിയുടെ വിശാലകേന്ദ്രം. 'കന്നിമാളികപ്പുറമായി' ഇരുമുടിക്കെട്ടും പേറിയാണ് ദർശനത്തിനെത്തിയത്. കുഞ്ഞുന്നാൾ മുതലേയുള്ള ആഗ്രഹമാണ് ശബരിമല ദർശനം. അച്ഛൻ ശബരിമലയിൽ സ്ഥിരം വന്നിരുന്നു. ഏതായാലും ഹരിവരാസനം പുരസ്‌കാരം ഏറ്റുവാങ്ങാൻ ശബരിമലയിൽ എത്താനായി. അനവധി ശ്രീകൃഷ്ണ, ദേവി ഭക്തിഗാനങ്ങൾ ആലപിച്ചിട്ടുണ്ടെങ്കിലും അയ്യപ്പ ഭക്തിഗാനങ്ങൾ വിരളം. ആലപിച്ച പാട്ടുകളിലെയും കേട്ടറിഞ്ഞ വരികളിലെയും ശബരിമലയിൽ നേരിട്ടെത്താനായതിൽ ആഹ്ലാദമുണ്ട് കന്നി മാളികപ്പുറം വിനയാന്വിതയാകുന്നു. ഹരിവരാസനം പുരസ്‌കാരം 'മറ്റേത് പുരസ്‌കാരത്തേക്കാളും വിലയേറിയതാണിത്. ജീവിതത്തിലെ ധന്യനിമിഷം, വല്ലാത്ത അഭിമാനം. തനിക്ക് ലഭിച്ച ഏറ്റവും വലിയ പുരസ്‌കാരമാണിത്' സംസ്ഥാന സർക്കാരിന്റെ ഹരിവരാസനം പുരസ്‌കാരലബ്ധിയെപ്പറ്റിയുള്ള പ്രതികരണം. ജീവിതത്തിലെ അസുലഭമുഹൂർത്തമാണിത്. ദാസേട്ടൻ, എസ് പി ബാലസുബ്രഹ്മണ്യം, പി ജയചന്ദ്രൻ തുടങ്ങിയവരൊക്കെയാണ് ഇതിനുമുമ്പ് ഈ പുരസ്‌കാരം നേടിയവർ. അത്തരം പ്രതിഭാധനർക്കൊപ്പം തന്നെയും പരിഗണിച്ചുവെന്നതിൽ അതിയായ ആഹ്ലാദമുണ്ട്. മറ്റെന്തിലും വില മതിക്കുന്നുണ്ട് ഈ പുരസ്‌കാരത്തിന്' നിറഞ്ഞ, വിടർന്ന ചിരിയോടെ മലയാളത്തിന്റെ ചിത്രചേച്ചി പറഞ്ഞുനിർത്തി. ചിത്രയുടെ ഗാനങ്ങൾ നെഞ്ചോടുചേർത്തുവയ്ക്കുന്നവർ ശബരിമലയിലും ചിത്രാമ്മാ, ചിത്രചേച്ചി, ചിത്രമോളേ തുടങ്ങിയ വിളികളുമായി ചുറ്റുംകൂടി. പുരസ്‌കാരദാനചടങ്ങിലും അതിനുശേഷവുമെല്ലാം ചിത്രാമ്മയുടെ പാട്ടുകേൾക്കാനും സെൽഫിയെടുക്കാനുമെല്ലാം തിരക്കായിരുന്നു. ഇത്തരം കലവറയില്ലാത്ത പിന്തുണയാണ് തന്റെ ശക്തിയെന്ന് നിറഞ്ഞ ചിരിയോടെ ചിത്ര വീണ്ടും പറഞ്ഞു. സംസ്ഥാനസർക്കാരിന്റെ 'ഹരിവരാസനം' പുരസ്‌കാരം ഏറ്റുവാങ്ങാനാണ് ചിത്ര ശബരിമല സന്നിധാനത്തെത്തിയത്. പുരസ്‌കാരലബ്ധി കന്നിമലകയറ്റത്തിന് അവസരമൊരുക്കിയതിന്റെ സന്തോഷത്തിലായിരുന്നു അവർ. മലയാളിയുടെ സ്വകാര്യ അഹങ്കാരമായ ചിത്രയ്ക്ക് അയ്യപ്പസന്നിധിയിലും ആരാധകരേറെ. Read on deshabhimani.com